
കോരിച്ചൊരിയുന്ന മഴ, പകച്ചുനിന്ന ജനങ്ങളിലേക്കു ദുരന്തവാർത്തകൾ മലവെള്ളപ്പാച്ചിൽ പോലെ അലയടിച്ചദിനത്തിന് ഇന്ന് 4 വർഷം.2021 ഒക്‌ടോബര്‍ 16, ഓര്‍മയില്‍ കണ്ണീരും കറുപ്പും പതിയുന്ന ദിവസം. കോട്ടയം, ഇടുക്കി ജില്ലകളിലായി 21 പേരുടെ ജീവന്‍ കവര്‍ന്ന ഉരുള്‍പൊട്ടലിലും മഹാപ്രളയത്തിനും ഇന്നു നാലുവര്‍ഷം തികയുന്നു.
ആ ശനിയാഴ്ച രാവിലെ എട്ടു മുതല്‍ കലിതുള്ളി പെയ്ത മഴയില്‍ കൊടുങ്ങ, ഇളംകാട്-വാഗമണ്‍ റോഡ്, പ്ലാപ്പള്ളി, മുക്കുളം പ്രദേശങ്ങളില്‍ ഒന്നിനു പുറകെ ഒന്നായി പതിനൊന്നിടത്ത് ഉരുള്‍പൊട്ടി. ഇരുള്‍ പരന്ന പകലില്‍ അയല്‍വാസികള്‍ക്ക് എന്തു സംഭവിച്ചു എന്നന്വേഷിക്കാന്‍ പോലുമാകാത്ത പെയ്ത്തായിരുന്നു.
പുല്ലകയാറിന്‍റെയും മണിമലയാറിന്‍റെയും ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിനാണ് രാവിലെ പതിനൊന്നു മുതല്‍ പ്ലാപ്പള്ളി, കൊക്കയാര്‍, കൂട്ടിക്കല്‍ പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ വഴിയൊരുക്കിയത്. റോഡുകള്‍ ഒലിച്ചപോയും മല പോലെ മണ്ണും ചെളിയും മരങ്ങളും അടിഞ്ഞുകൂടിയും രക്ഷാപ്രവര്‍ത്തനം ദുഃസഹമായി. ഒപ്പം വൈദ്യുതിബന്ധവും നഷ്ടപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിമലയാറിന്‍റെ തീരങ്ങളില്‍ 90 കിലോമീറ്റര്‍ ദൂരത്തില്‍ ആയിരക്കണക്കിനു വീടുകള്‍ വെള്ളത്തിലായി വീട്ടുപകരണങ്ങള്‍ നശിച്ചു. വീടുകളില്‍ ചെളിനിറഞ്ഞു. ദുരിതം പെയ്‌തൊഴിയാത്ത മലയോരഗ്രാമങ്ങളില്‍നിന്നു ദുരന്തത്തിനു പിന്നാലെ ഇരുന്നൂറിലധികം കുടുംബങ്ങള്‍ പലായനം ചെയ്തു.
പലരും കൂട്ടിക്കല്‍ പ്രദേശങ്ങളില്‍ സുരക്ഷിതമായ മേഖലയില്‍ സ്ഥലം വാങ്ങി വീടുവച്ചു. പ്ലാപ്പള്ളി കാവാലിയില്‍ ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ഇളംകാട്ടിലും കൊക്കയാറിലുമായി നിരവധി ജീവനുകളെ പ്രളയം കവര്‍ന്നു. മലയിടിച്ചിലിലും പ്രളയത്തിലും 135 വീടുകള്‍ പൂര്‍ണമായും 106 വീടുകള്‍ ഭാഗികമായും നശിച്ചു.
ഇതില്‍ 74 പേര്‍ക്ക് വീടും സ്ഥലവും 41 പേര്‍ക്ക് വീടും പൂര്‍ണമായി നഷ്ടപ്പെട്ടു. വീടും സ്ഥലവും നഷ്ടപ്പെട്ട 60 പേര്‍ക്ക് ആറു ലക്ഷം രൂപ വീതവും വീട് മാത്രം നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കി.
ഏന്തയാര്‍ പാലം, പൂവഞ്ചി തൂക്കുപാലം, കൊക്കയാര്‍ പാലം, വെംബ്ലി കമ്യൂണിറ്റി ഹാള്‍ പാലം, നൂറേക്കര്‍ പാലം, തെരുവുപാറ പാലം, ഏന്തയാര്‍-മലയിഞ്ചി പാലം, കുപ്പയക്കുഴി പാലം, വെട്ടിക്കാനം നടപ്പാലം എന്നിവയെല്ലാം തകര്‍ന്നു.
മുക്കുളം, വടക്കേമല, നാരകംപുഴ, കൊക്കയാര്‍, കുറ്റിപ്ലാങ്ങാട്, മേലോരം, എന്തയാര്‍, പൂവഞ്ചി എന്നിവിടങ്ങളില്‍ റോഡുകള്‍ ഒലിച്ചുപോയി. സർക്കാരും സന്നദ്ധസംഘടനകളും ഇരുന്നൂറോളം വീടുകള്‍ പണിതു നല്‍കി. പാലങ്ങളും റോഡുകളും ഏറെയും പുനര്‍നിര്‍മിച്ചു.
വീടുകള്‍ തകര്‍ന്ന ഒട്ടേറെ കുടുംബങ്ങള്‍ രണ്ടു മാസത്തോളം ദുരിതാശ്വസ ക്യാന്പിലായിരുന്നു. മാക്കൊച്ചി, വടക്കേമല, മുക്കുളം, അഴങ്ങാട് എന്നിവിടങ്ങളിലെ 180 കുടുംബങ്ങള്‍ ഇപ്പോഴും ഉരുള്‍പൊട്ടല്‍ ഭീഷണിലാണ്. മുക്കുളം, പൂവഞ്ചി, വെംബ്ലി അഴങ്ങാട്, മേലോരം, കൊക്കയാര്‍, കുറ്റിപ്ലാങ്ങാട്, വെബ്ലി, നാരകംപുഴ, കനകപുരം ഗ്രാമങ്ങള്‍ ആഘാതത്തില്‍നിന്നു കരകയറിയിട്ടില്ല. 400 ഹെക്ടര്‍ സ്ഥലത്തെ കൃഷി ദുരന്തത്തില്‍ നശിച്ചു.