പരിഗണന നൽകാതെ പൊതുസ്ഥലത്തു പ്രദർശന വസ്തുവാക്കി; ഓഫീസ് തടഞ്ഞ പൊലീസ് നടപടിയിൽ മുഖ്യമന്ത്രിക്കു പരാതി നൽകി ഐസിയു പീഡനക്കേസ് അതിജീവിത ; ഡോക്ടർക്കെതിരെ നൽകിയ പരാതിയിലെ അന്വേഷണ റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും അതിജീവിത

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്∙ പൊലീസ് കമ്മിഷണറെ കാണാൻ എത്തിയ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയെ ഓഫിസ് കവാടത്തിൽ പൊതുറോഡിൽ തടഞ്ഞു നിർത്തി പൊലീസ്. രാവിലെ പത്തരയോടെയാണ് അതിജീവിത സമരസമിതി പ്രവർത്തകരായ മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ, പി.ഷാരൂൺ എന്നിവർ കമ്മിഷണറെ കാണാൻ എത്തിയത്. നേരത്തെ കസബ ഇൻസ്പെക്ടർ രാജേഷ് മാരങ്കലത്തിന്റെ നേതൃത്വത്തിൽ വലിയ പൊലീസ് സംഘം ഓഫിസ് കവാടത്തിൽ നിലയുറപ്പിച്ചിരുന്നു. അവർ അതിജീവിതയെയും കൂടെയുള്ളവരെയും തടഞ്ഞു.

തന്നെ മാത്രം അകത്തു വിടണമെന്നും വനിത പൊലീസ് നിൽക്കുന്നിടത്തോ വിശ്രമ മുറിയിലോ നിൽക്കാം എന്ന് അതിജീവിത പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ല. കമ്മിഷണർ വരുന്നതുവരെ കവാടത്തിൽ റോഡരികത്തു നിൽക്കുകയായിരുന്നു. അതിജീവിത എന്ന പരിഗണന നൽകാതെ തന്നെ പൊതുസ്ഥലത്തു പ്രദർശന വസ്തുവാക്കിയെന്നും അവർ ആരോപിച്ചു. അതുവഴി പോയവരെല്ലാം വാഹനം നിർത്തിവരെ തന്നെ നോക്കുകയും മൊബൈലിൽ ഫോട്ടോ എടുക്കുകയും ചെയ്തു. അതൊന്നും പൊലീസ് വിലക്കിയില്ല. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കു പരാതി നൽകിയതായി നൗഷാദ് തെക്കയിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, അതിജീവിതയെ തടഞ്ഞു എന്നു പറയുന്നതു ശരിയല്ലെന്നു പൊലീസ് ഇൻസ്പെക്ടർ രാജേഷ് മാരങ്കലത്ത് പറഞ്ഞു. കമ്മിഷണർ ഓഫിസിലേക്ക് അവരും കൂടെയുള്ളവരും എത്തിയപ്പോൾ ആരാണ്, എന്തിനാണു വന്നത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചിട്ടുണ്ട്. കമ്മിഷണറെ കാണാൻ മുൻകൂട്ടി അനുമതി വാങ്ങിയിട്ടുണ്ടോ എന്നും ചോദിച്ചിരുന്നു. മാത്രമല്ല അവർ വരുമ്പോൾ കമ്മിഷണർ ഓഫിസിൽ ഇല്ലായിരുന്നു. കമ്മിഷണർ എത്തിയശേഷം അവരെ കാണാൻ അനുവദിച്ചിട്ടുമുണ്ട്. ഇതെല്ലാം കുറഞ്ഞ സമയത്തിൽ നടന്നതാണ്.

എന്നാൽ, ഡോക്ടർക്കെതിരെ നൽകിയ പരാതിയിലെ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന മെ‍ഡിക്കൽ കോളജ് ഐസിയു പീഡന സംഭവത്തിലെ അതിജീവിതയുടെ ആവശ്യം സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ നിരാകരിച്ചു. റിപ്പോർട്ട് 2 ദിവസത്തിനകം ലഭിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് അതിജീവിത പറഞ്ഞു. തന്റെ മൊഴി രേഖപ്പെടുത്തിയ ഡോ. കെ.വി.പ്രീതിക്കെതിരെയാണ് അതിജിവീത പരാതി നൽകിയത്. താൻ പറഞ്ഞ കാര്യങ്ങൾ അല്ല ഡോക്ടർ രേഖപ്പെടുത്തിയത് എന്നായിരുന്നു പരാതി. അതിന്മേൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് അതിജീവിത ആവശ്യപ്പെട്ടത്. വിവരാവകാശ കമ്മിഷൻ ചെയർമാന് അപ്പീൽ നൽകിയാൽ റിപ്പോർട്ട് ലഭിക്കുമെന്നാണു കമ്മിഷണർ പറഞ്ഞതെന്ന് അതിജീവിത പറഞ്ഞു. 2 ദിവസത്തിനകം റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും അതിജീവിത വ്യക്തമാക്കി.