video
play-sharp-fill

Tuesday, July 15, 2025

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി; ലോര്‍ഡ്‌സിലെ ജയത്തോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്

Spread the love

ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ തോറ്റതോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ലോര്‍ഡ്‌സ് ടെസ്റ്റില്‍ 22 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 181 പന്തില്‍ 61 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയുടെ പോരാട്ടത്തേയും മറികടന്നാണ് ഇംഗ്ലണ്ട് ജയം നേടിയത്. അവസാന ദിനം 193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 170ന് എല്ലാവരും പുറത്താവുകയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 387 & 192, ഇന്ത്യ 387 & 170. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.

തോല്‍വിയോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 33.33 ആയി കുറഞ്ഞു. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് ഒരു ജയം മാത്രമാണുള്ളത്. ഇന്ത്യക്കെതിരെ രണ്ട് ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്. മൂന്ന് മത്സരം പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിന് 66.67 പോയിന്റ് ശതമാനമുണ്ട്. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഓസീസ് ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഓസീസ് തൂത്തുവാരിയിരുന്നു. 100 പോിയന്റ് ശതമാനമാണ് ഓസീസിന്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനം സ്വന്തമാക്കിയതോടെ ശ്രീലങ്ക മൂന്നാമതായി.

രണ്ട് മത്സരങ്ങള്‍ കളിച്ച ലങ്കയുടെ പോയിന്റ് ശതമാനം 66.67 ആണ്. ബംഗ്ലാദേശിനെതിരെ അവര്‍ നാട്ടില്‍ രണ്ട് ടെസ്റ്റുകള്‍ കളിച്ചിരുന്നു. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാമത്തേത് ശ്രീലങ്ക ജയിക്കുകയായിരുന്നു. ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങള്‍ കളിച്ച ബംഗ്ലാദേശിന്റെ പോയിന്റ് ശതമാനം 16.67. ശ്രീലങ്കയ്ക്കെതിരായ ഒരു ടെസ്റ്റില്‍ ബംഗ്ലാദേശ് സമനില പിടിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റും തോറ്റ വെസ്റ്റ് ഇന്‍ഡീസ് ആറാം സ്ഥാനത്താണ്. ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിപ്പിന് കീഴില്‍ ഈ സീസണില്‍ ഒരു മത്സരവും കളിച്ചിട്ടില്ല.