ഇബ്രാഹീംകുഞ്ഞിന് കുരുക്ക് മുറുകുന്നു ; പാലാരിവട്ടം പാലം നിർമാണത്തിൽ മന്ത്രിയ്ക്ക് ഗൂഢലക്ഷ്യം ഉണ്ടായിരുന്നുവെന്ന് വിജിലൻസ്

ഇബ്രാഹീംകുഞ്ഞിന് കുരുക്ക് മുറുകുന്നു ; പാലാരിവട്ടം പാലം നിർമാണത്തിൽ മന്ത്രിയ്ക്ക് ഗൂഢലക്ഷ്യം ഉണ്ടായിരുന്നുവെന്ന് വിജിലൻസ്

സ്വന്തം ലേഖിക

കൊച്ചി: പാലാരിവട്ടം പാലം നിർമാണത്തിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി ഇബ്രാഹീം കുഞ്ഞിന് കുരുക്ക് മുറുകുന്നു. മുൻ മന്ത്രിക്ക് ഗൂഢലക്ഷ്യം ഉണ്ടായിരുന്നുവെന്നും പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയായ ടി ഒ സൂരജ് അദ്ദേഹത്തിനെതിരേ മൊഴി നൽകിയിട്ടുണ്ടെന്നും വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ വിജിലൻസ് വ്യക്തമാക്കി. കരാറുകാരനു മന്ത്രി മുൻകൂർ പണം നൽകിയത് ഗൂഢലക്ഷ്യത്തോടെയാണ്. പലിശയിളവ് നൽകിയതിലൂടെ സർക്കാറിന് 56 ലക്ഷം രൂപ നഷ്ടമുണ്ടായെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേസിൽ ഇബ്രാഹീം കുഞ്ഞിന്റ് പങ്ക് അന്വേഷിക്കുന്നുണ്ടെന്നു വിജിലൻസ് കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിജിലൻസ് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.

പാലാരിവട്ടം പാലം അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം ടി തങ്കച്ചൻ, മൂന്നാം പ്രതിയും കിറ്റ്കോ ജോയിന്റ് ജനറൽ മാനേജരുമായ ബെന്നി പോൾ, നാലാം പ്രതിയും പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയുമായ ടി ഒ സൂരജ് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഫയൽ ചെയ്യുന്ന എതിർ സത്യവാങ്മൂലത്തിലാണ് മുൻ മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെതിരേ ഗുരുതര ആരോപണങ്ങൾ വിജിലൻസ് ഉന്നയിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചട്ടം ലഘിച്ച് കരാറുകാരന് വായ്പ അനുവദിച്ച് ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്പ നൽകാൻ നിർദ്ദേശിച്ചത് അന്ന് മന്ത്രിയായിരുന്ന വി കെ ഇബ്രാഹാം കുഞ്ഞാണ്. പ്രീ ബിഡ് യോഗതീരുമാനത്തിനും ചട്ടവിരുദ്ധമായും വായ്പ അനുവദിക്കാൻ ആവശ്യപ്പെട്ടതിനു പിന്നിൽ ഇബ്രാഹിം കുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്കുകൾ അന്ന് വായ്പയ്ക്കു ഈടാക്കിയിരുന്നത് 11 മുതൽ 14 ശതമാനം വരെ പലിശയാണ്. എന്നാൽ വെറും ഏഴ് ശതമാനം പലിശയ്ക്കാണ് കരാറുകാരന് വായ്പ നൽകിയത്. ഇതിലൂടെ സർക്കാർ ഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇക്കാര്യം അക്കൗണ്ട് ജനറലിന്റെ 2014 ലെ റിപോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും വിജിലൻസ് ആരോപിക്കുന്നു. ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് വായ്പ അനുവദിച്ച് ഉത്തരവിട്ടതെന്ന് ടി ഒ സൂരജ് മാധ്യമങ്ങളോടും മുവാറ്റുപുഴ സബ് ജയിലിൽവച്ച് ചോദ്യം ചെയ്തപ്പോഴും ആവർത്തിച്ചിരുന്നു.