ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിനെ കിഫ്ബിയിട്ട് തടയാൻ യുഡിഎഫ്: നിശബ്ദ പ്രചാരണ ദിവസം യുഡിഎഫിന് എൽഡിഎഫിന്റെ വെട്ട്
സ്വന്തം ലേഖകൻ
പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ അതിരൂക്ഷമായ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ട് എൽഡിഎഫിന്റെ തുറുപ്പു ചീട്ട്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ഇപ്പോൾ എൽഡിഎഫ് പാലാ ഉപതിരഞ്ഞെടുപ്പിൽ തുറുപ്പു ചീട്ടായി ഇറക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ കിഫ്ബിയിലെ അഴിമതിയും ഓഡിറ്റില്ലായ്മയും പ്രചാരണ രംഗത്ത് ആയുധമാക്കി രംഗത്ത് ഇറക്കിയിട്ടുണ്ട് യുഡിഎഫ്.
പാലാരിവട്ടം’ ഡമോക്ലിസിന്റെ വാൾ പോലെ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. അതേസമയം, കിഫ്ബി ഓഡിറ്റിംഗിന് സർക്കാർ സി.എ.ജിയെ നിയോഗിക്കാത്തത് അഴിമതി മറയ്ക്കാനുള്ള നീക്കമായി വ്യാഖ്യാനിച്ച് ബദലാക്രമണം യു.ഡി.എഫ് ശക്തിപ്പെടുത്തുകയുമാണ്. ഫലത്തിൽ പാലായിൽ ഇരുപക്ഷത്തും’അഴിമതി’ മുഖ്യപ്രചാരണ വിഷയമാവുകയാണ്.
പാലാരിവട്ടം കേസിൽ ലീഗ് നേതാവും കളമശേരി എം.എൽ.എയുമായ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഏതുനിമിഷവും കസ്റ്റഡിയിലെടുക്കുമെന്ന പ്രചരണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വിജിലൻസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ നടന്ന കൂടിയാലോചനകൾ അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തി. എന്നാൽ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണങ്ങൾ ലീഗ് പൂർണമായി തള്ളുകയാണ്. കരാറുകാർക്ക് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടതിൽ അപാകതയില്ലെന്നും ഇടപ്പള്ളി ഫ്‌ലൈഓവർ നിർമ്മാണത്തിലും അത് ചെയ്തിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞും വാദിക്കുന്നു. ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ചിട്ടുണ്ട്.
വിജിലൻസ് കസ്റ്റഡിയിലുള്ള മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് ഉന്നയിച്ച ആരോപണങ്ങൾ ഇടതുമുന്നണി ആയുധമാക്കുകയാണ്. പാലാരിവട്ടം ഫ്‌ലൈഓവറിനെ പഞ്ചവടിപ്പാലത്തോട് ഉപമിച്ച ഹൈക്കോടതി പരാമർശം അവർക്ക് കിട്ടിയ വടിയുമായി. ഇബ്രാഹിംകുഞ്ഞ് പ്രതിയായാലും ഇല്ലെങ്കിലും പാലായിൽ യു.ഡി.എഫിനെ കുരുക്കാൻ പാലാരിവട്ടം ഇടതുമുന്നണിക്ക് ധാരാളമാണ്. പാലായിൽ ഇന്നലെ പ്രചരണയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇബ്രാഹിംകുഞ്ഞിന്റെ പേരെടുത്ത് പറയാതെ പരിഹസിച്ചു. പാലാ മുന്നിൽ കണ്ടാണ് ഇബ്രാഹിം കുഞ്ഞിനെതിരായ നീക്കമെങ്കിൽ ജനം മറുപടി നൽകുമെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ തിരിച്ചടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാരിവട്ടത്തിന്റെ കരിനിഴൽ മറയ്ക്കാൻ കിഫ്ബി ഓഡിറ്റിംഗ് വിവാദത്തെ പരിചയാക്കുകയാണ് യു.ഡി.എഫ് നേതൃത്വം. ചെന്നിത്തല അടക്കം ഇത് പാലായിൽ ശക്തമായി ഉന്നയിക്കുന്നുണ്ട്. കിഫ്ബിയുടെയും കണ്ണൂർ എയർപോർട്ടിന്റെയും (കിയാൽ) ഓഡിറ്റിംഗിന് സി.എ.ജി ആവശ്യപ്പെട്ടിട്ടും അനുമതി നൽകാത്തത് സർക്കാരിന് പലതും മറയ്ക്കാനുള്ളത് കൊണ്ടാണെന്നാണ് ആക്ഷേപം.
ബി.ജെ.പിയും കിഫ്ബി ഓഡിറ്റിംഗ് സർക്കാരിനെതിരെ ആയുധമാക്കുന്നു.