ഐബി ഉദ്യോഗസ്ഥയുടെ മരണം: കുറ്റക്കാരനെന്ന് ആരോപിക്കപ്പെടുന്ന സഹപ്രവർത്തകനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി; രാജ്യം വിട്ടുപോകാതിരിക്കാനാണ് നോട്ടീസിറക്കിയതെന്ന് പൊലീസ്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായ യുവതിയുടെ ആത്മഹത്യയ്ക്ക് കുറ്റക്കാരനെന്ന് ആരോപിക്കപ്പെടുന്ന സുഹൃത്ത് സുകാന്തിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. യുവതിയുടെ ആത്മഹത്യയ്ക്ക് പ്രേരണയായത് എടപ്പാള്‍ സ്വദേശിയായ സുകാന്ത് ആണെന്നാണ് ആരോപണം.

ഒളിവിലുള്ള സുകാന്തിനെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. സുകാന്ത് രാജ്യം വിട്ടുപോകാതിരിക്കാനാണ് നോട്ടീസിറക്കിയത്. യുവതിയുടെ അച്ഛൻ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഏതാനും തെളിവുകൾ കൈമാറിയിരുന്നു. മലപ്പുറം സ്വദേശിയായ യുവാവ്, ഐബി ഉദ്യോഗസ്ഥയെ ലൈംഗിക ചൂഷണം നടത്തിയതായും കുടുംബം പരാതി ഉന്നയിച്ചിരുന്നു.

കഴിഞ്ഞ മാസം 24നാണ് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്തെിയത്. ഇന്നലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തായ മലപ്പുറം സ്വദേശി സുകാന്തിനെതിരെ ഗുരുതര ആരോപണവുമായാണ് യുവതിയുടെ കുടുംബം രംഗത്തെത്തിയത്. യുവതി ലൈംഗിക അതിക്രമം നേരിട്ടെന്ന് കുടുംബം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈംഗിക അതിക്രമം നേരിട്ടതിന്റെയടക്കം തെളിവുകൾ കുടുംബം പൊലീസിന് കൈമാറി. സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിക്കുന്നു. സുകാന്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഐബി ഉദ്യോഗസ്ഥയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. യുവതിയുടെ അക്കൗണ്ടിൽ നിന്നും സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.

ആരോപണം നേരിടുന്ന യുവാവിനെ ചോദ്യം ചെയ്താൽ മാത്രമേ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ വ്യക്തത വരുത്താൻ കഴിയുകയുള്ളൂവെന്ന് പേട്ട പൊലീസ് പറയുന്നു. യുവതി ട്രെയിന് മുന്നിൽ ചാടി മരിക്കുന്നതിന് മുമ്പും സുഹൃത്തായ യുവാവിനെ നിരവധി പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.