
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്; ഒളിവിലുള്ള സുകാന്തിൻ്റെ വീട്ടിൽ ഇന്നലെ നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്ക്കും പാസ്ബുക്കുകളും കണ്ടെത്തി; പൂട്ടികിടന്ന വീട് തല്ലി തുറന്നായിരുന്നു പരിശോധന
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്.
ഒളിവിലുള്ള സുകാന്തിൻ്റെ വീട്ടിൽ ഇന്നലെ നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്ക്കും പാസ്ബുക്കുകളും കണ്ടെത്തി. പൂട്ടികിടന്ന വീട് തല്ലി തുറന്നായിരുന്നു പരിശോധന. പേട്ട പൊലീസും ചങ്ങരംകുളം പൊലീസും ചേർന്നായിരുന്നു പരിശോധന നടത്തിയത്.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി. എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നു.
കൊച്ചിയിൽ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്. യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി.
ജൂലായിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് യുവതിയെ ഗർഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറി.
മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിനെ തുടർന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.