
തിരുവനന്തപുരം: പത്താം ക്ലാസ്സ് പാസ്സായ മിടുക്കന്മാർക്ക് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സുരക്ഷാ ഇന്റലിജൻസ് ഏജൻസി ഇന്റലിജൻസ് ബ്യൂറോ(ഐബി)യുടെ ഭാഗമാകാൻ അവസരം. ഐബിയിലെ സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് തസ്തികയിലെ 4987 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 334 എണ്ണം കേരളത്തിലാണ്. അപേക്ഷ ഓൺലൈൻ ആയി നൽകണം. ഓഗസ്റ്റ് 17ന് അവസാനതീയതി.
യോഗ്യത
എസ്എസ്എൽസി തത്തുല്യം ജയിച്ചവർക്ക് അപേക്ഷിക്കാം. ഈ ജോലിയുമായി ചേർന്നുനിൽക്കുന്ന പ്രവർത്തിപരിചയം അഭികാമ്യം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ സംസാരിക്കുവാനും വായിക്കുവാനും എഴുതുവാനും അറിയണം. ഇവിടുത്തെ സ്ഥിരതാമസ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പ്രായം 17.8.2025 കണക്കാക്കി 18 – 27 വയസ്സ്. പിന്നോക്കം/ പട്ടിക വിഭാഗം ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/അഞ്ച് വയസ്സിളവുണ്ട്. വിമുക്തഭടൻമാർ പ്രായ പരിധിയിൽ നിയമാനുസൃതമായ ആനുകൂല്യം ഉണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
LISTEN ON
തിരഞ്ഞെടുപ്പു രീതി
രണ്ടു പരീക്ഷകൾ, തുടർന്ന് അഭിമുഖം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് സിലക്ഷൻ. ഒന്നാം ഘട്ടത്തിൽ മൾട്ടിപ്പിൾ ചോയസ് മാതൃകയിലുള്ള ഒബ്ജക്റ്റിവ് ടെസ്റ്റ് ഓൺലൈനിൽ നടക്കും. ഒരു മണിക്കൂർ. 100 ചോദ്യങ്ങൾ. 100 മാർക്ക്. ജനറൽ അവേർനസ്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ന്യൂമറിക്കൽ/ അനലിറ്റിക്കൽ/ ലോജിക്കൽ എബിലിറ്റി, ഇംഗ്ലീഷ് ഭാഷ, ജനറൽ സ്റ്റഡീസ് എന്നീ അഞ്ചു ഭാഗങ്ങളിൽ നിന്നു 20 വീതം ചോദ്യങ്ങൾ ഉണ്ടാകും. ഓരോ തെറ്റുത്തരത്തിനും കാൽ മാർക്ക് കുറയും. ഇതിൽ ജയിച്ചവർക്കുള്ള രണ്ടാംഘട്ട പരീക്ഷ വിവരണാത്മകമാണ്. അപേക്ഷയിൽ കാണിച്ച സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ നിന്നു 500 വാക്കുകളുടെ ഒരു ഭാഗം ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനം ചെയ്യണം. ആകെ മാർക്ക് 50.
രണ്ടാം ഘട്ടം പാസ്സായവരെ അഭിമുഖത്തിന് വിളിക്കും. ഉദ്യോഗാർത്ഥിയുടെ വ്യക്തിത്വവും ഈ ജോലിക്കുള്ള അനുയോജ്യതയും അളക്കുന്ന പ്രക്രിയ. 50 മാർക്ക്. മൂന്നു ഘട്ടങ്ങളിലും നേടിയ മാർക്കുകൾ ചേർത്ത് സിലക്ഷൻ ലിസ്റ്റ് തയാറാക്കും. ഇതിൽ മുന്നിലുള്ളവരുടെ സ്വഭാവപരിശോധന, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ കൂടി പരിഗണിച്ച് നിയമന ഉത്തരവ് നൽകും. ശമ്പള സ്കെയിൽ 21700-69100 രൂപ. കേന്ദ്ര നിരക്കിലുള്ള ക്ഷാമബത്ത, വീട്ടുവാടക അലവൻസ്, ട്രാൻസ്പോർട്ട് അലവൻസ് എന്നിവയോടൊപ്പം അതത് സമയത്തെ അടിസ്ഥാന ശമ്പളത്തിൻ്റെ 20 ശതമാനം പ്രത്യേക സുരക്ഷാ അലവൻസായും ലഭിക്കും.
മറ്റുവിവരങ്ങൾ
ഒഴിവുകളിൽ ജനറൽ (2471), പിന്നോക്കം (1015), പട്ടികജാതി (574), പട്ടികവർഗ്ഗം (426.), സാമ്പത്തികപിന്നോക്കം ( 501) എന്നീ വിഭാഗങ്ങൾ ഉണ്ട്. ചില സംസ്ഥാനങ്ങളിൽ ഒന്നിൽ കൂടുതൽ പ്രാദേശിക ഭാഷകൾ പരിഗണിക്കും. കർണ്ണാടകയിൽ തുളു , ബ്യാരി, കൊങ്കണി എന്നിവയും ഉറുദുഭാഷ ഡൽഹി, ജമ്മു, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കൊങ്കണിഭാഷ ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും അപേക്ഷകർക്ക് തിരഞ്ഞെടുക്കാം. ഒന്നാംഘട്ട പരീക്ഷക്ക് കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ സെൻ്ററുകൾ ഉണ്ട്. മംഗളൂരു, ഉഡുപ്പി, കോയമ്പത്തൂർ, സേലം, തിരുനെൽവേലി തുടങ്ങിയയിടങ്ങളിലും പരീക്ഷ എഴുതാം. വിവിധ ഘട്ടങ്ങളിലെ വിജയികൾക്ക് അവർ നൽകിയ ഇ മെയിൽ വിലാസത്തിൽ അറിയിപ്പുകൾ ലഭിക്കും. അപേക്ഷ പൂരിപ്പിക്കുമ്പോൾ വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്ന കാര്യങ്ങൾ കൃത്യമായും പാലിക്കണം. വെബ് സൈറ്റിലുള്ള വിജ്ഞാപനത്തിലെ വിവരങ്ങൾ മാത്രമാണ് ഔദ്യോഗികം. വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: www.mha.gov.in, ncs.gov.in