play-sharp-fill
ഐ എ എസുകാരുടെ വൈരാഗ്യത്തിന് പണി കിട്ടിയത് സർക്കാരിന്

ഐ എ എസുകാരുടെ വൈരാഗ്യത്തിന് പണി കിട്ടിയത് സർക്കാരിന്

സ്വന്തം ലേഖിക

തിരുവനന്തപുരം: സസ്പെൻഷന് മേൽ സസ്പെൻഷനും ക്രിമിനൽ കേസുമായി സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പി ജേക്കബ് തോമസിനോട് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥർ വൈരാഗ്യം തീർത്തപ്പോൾ, തിരിച്ചടി കിട്ടിയത് സംസ്ഥാന സർക്കാരിന്.

വിജിലൻസ് ഡയറക്ടറായിരിക്കെ, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജേക്കബ് തോമസിന്റെ അന്വേഷണവും റെയ്ഡുകളും നേരിട്ടവരാണ് ഈ ഐ.എ.എസ് ഉദ്യോഗസ്ഥർ. ഓഖി ചുഴലിക്കാറ്റിലെ രക്ഷാദൗത്യത്തെ വിമർശിച്ചു, ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു എന്നിങ്ങനെ കാരണങ്ങൾ പറഞ്ഞായിരുന്നു സസ്പെൻഷനുകൾ. അഖിലേന്ത്യാ സർവീസുകാരെ ആറ് മാസം സസ്പെൻഡ് ചെയ്യാനേ സംസ്ഥാന സർക്കാരിന് അധികാരമുള്ളൂവെന്നതിനാൽ ആറ് മാസം തികയുന്നതിന്റെ തലേന്ന് അടുത്ത സസ്പെൻഷൻ ഉത്തരവിറക്കുകയായിരുന്നു.
ഇതിന് പുറമേ, സാമുദായിക സംഘർഷമുണ്ടാക്കുന്ന വിദ്വേഷ പ്രസംഗം നടത്തിയെന്ന് കാട്ടി ക്രിമിനൽ കേസെടുക്കാൻ ഐ.പി.സി-153(എ)വകുപ്പ് കുറ്റാരോപണ മെമ്മോയിൽപ്പെടുത്തി. ഐ.പി.എസിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് അഖിലേന്ത്യാസർവീസ് ചട്ടത്തിലെ 31(എ)വകുപ്പും ചുമത്തി. സർവീസ്ചട്ടങ്ങൾ ലംഘിച്ച് പുസ്തകമെഴുതിയതിന് രണ്ട് വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റംചുമത്തി കേസെടുക്കാമെന്നായിരുന്നു ഐ.എ.എസ് അന്വേഷണ സമിതിയുടെ ശുപാർശ. കോടതി രണ്ടുവട്ടം തള്ളിയ ഡ്രഡ്ജർ അഴിമതിയാരോപണത്തിൽ ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസെടുപ്പിച്ചു. തെളിവില്ലെന്നും കോടതി തള്ളിയ ആരോപണത്തിൽ കേസെടുക്കുന്നത് നിയമവിരുദ്ധമാണെന്നുമുള്ള വിജിലൻസിന്റെ നിയമോപദേശം തള്ളിക്കളഞ്ഞാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജേക്കബ്‌തോമസ് തുറമുഖ ഡയറക്ടറായിരിക്കെ കട്ടർസക്ഷൻ ഡ്രഡ്ജർ വാങ്ങിയതിൽ 14.96 കോടി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിന് പിന്നിലും ഒരു ഐ.എ.എസുകാരനായിരുന്നു. വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയ എഫ്.ഐ.ആർ, അന്വേഷണത്തിൽ പുതിയ കണ്ടെത്തലുകളുണ്ടെന്ന് കോടതിയെ അറിയിച്ച്, ജേക്കബ് തോമസിനെ ഒന്നാം പ്രതിയാക്കി വിജിലൻസും കേസെടുത്തു. ജേക്കബ് തോമസിനെതിരെ ക്രമക്കേട്, വഞ്ചന എന്നിവയ്ക്ക് ക്രിമിനൽ കേസെടുക്കാനായിരുന്നു മറ്റൊരു ഐ.എ.എസുകാരന്റെ ശുപാർശ. ഇതിനുപിന്നാലെ, സർവീസിലിരിക്കെയെഴുതിയ പുസ്തകത്തിൽ സർക്കാരിനെ വിമർശിച്ചതിന് ജേക്കബ്‌തോമസിനെതിരെ ക്രൈംബ്രാഞ്ച് ക്രിമിനൽ കേസുമെടുത്തു.

പാറ്റൂർ, ബാർ കോഴ, ബന്ധുനിയമനക്കേസുകൾ പരാമർശിക്കുന്ന പുസ്തകം സർവീസ് സ്റ്റോറിയല്ലെന്നും ആത്മകഥയാണെന്നും കേരള സാഹിത്യഅക്കാഡമി ആത്മകഥ സാഹിത്യരചനയാണെന്ന് അംഗീകരിച്ചിട്ടുണ്ടെന്നുമുള്ള ജേക്കബ് തോമസിന്റെ വിശദീകരണം ഐ.എ.എസ് അന്വേഷണസമിതി തള്ളിക്കളഞ്ഞു. അഖിലേന്ത്യാസർവീസ് ഉദ്യോഗസ്ഥർക്ക് സാഹിത്യരചനയ്ക്ക് മുൻകൂർ അനുമതി ആവശ്യമില്ല. ഷാർജയിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും കോട്ടയത്ത് ജസ്റ്റിസ്.കെ.ടി.തോമസുമാണ് പുസ്തകം പ്രകാശനം ചെയ്തത്. അന്വേഷണത്തിലുള്ള കേസുകളുടെ വിവരങ്ങളുണ്ടെങ്കിൽ പുസ്തകം നിരോധിക്കട്ടെയെന്നും തനിക്ക് മൗനിയാകാൻ മനസില്ലെന്നുമായിരുന്നു ജേക്കബ്‌തോമസിന്റെ നിലപാട്.

സർക്കാരിനെതിരെ പ്രസംഗിച്ചതിന് 2017ഡിസംബർ 20നായിരുന്നു ആദ്യ സസ്‌പെൻഷൻ. പിന്നാലെ പുസ്തകമെഴുതിയതിന് അടുത്തത്. ആറ് മാസം തികയുന്നതിന്റെ തലേന്ന് അടുത്തത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിക്കുന്നതിന് സ്വയംവിരമിക്കാനുള്ള അപേക്ഷയിലും സർക്കാർ ഉടക്കിട്ടു. വിജിലൻസ്, ക്രൈംബ്രാഞ്ച് കേസുകൾ നേരിടുന്നതിനാൽ സ്വയംവിരമിക്കൽ അനുവദിക്കരുതെന്ന് കേന്ദ്ര പേഴ്സണൽ മന്ത്‌റാലയത്തോട് ശുപാർശചെയ്തു. 1985ബാച്ച് ഐ.പി.എസുകാരനായ ജേക്കബ്‌തോമസിന് സർവീസിൽ 2020 മേയ് വരെ കാലാവധിയുണ്ട്.

പുതിയ പുസ്തകം

ജുഡിഷ്യറി, സർക്കാർ, ഉദ്യോഗസ്ഥ തലത്തിലെ അഴിമതി തെളിവുകൾ സഹിതം പുറത്താക്കുന്ന പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ജേക്കബ് തോമസ്. 15 അദ്ധ്യായങ്ങൾ പൂർത്തിയാക്കി. ഉടൻ പ്രസിദ്ധീകരിക്കും.

അപ്പീൽ

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാരിന് ഹൈക്കോടതിയിൽ അപ്പീൽ നൽകാം.

അഴിമതിക്കെതിരെ സംസാരിക്കുമ്പോൾ മൗനിയാക്കാനുള്ള ശ്രമം ലോകത്ത് എല്ലായിടത്തുമുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങൾ അംഗീകരിക്കില്ല.”

ജേക്കബ് തോമസ്