മതങ്ങളുടെ പേരിലുള്ള IAS ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പ്; ഹാക്കിങ് സ്ഥിരീകരിച്ചില്ല; ഗ്രൂപ്പ് വിഷയത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് ഫോറൻസിക് റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം: മതങ്ങളുടെ പേരിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് വിഷയത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകി.
ഹാക്കിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ പരാമർശം. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഫോൺ ഫോർമാറ്റ് ചെയ്ത് കൈമാറിയതും റിപ്പോർട്ടിലുണ്ട്.
ഫോറൻസിക്ക് പരിശോധനയിലും ഹാക്കിങ് തെളിഞ്ഞില്ല. ഫോറൻസിക് റിപ്പോർട്ട് പോലീസിന് കൈമാറി. ഹാക്കിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു പോലീസ് ഡിജിപിയെ അറിയിച്ചിരുന്നു. ഗൂഗിളിന്റെ പരിശോധനയിലും ഹാക്കിങ് സാധ്യത തള്ളി. ഡിജിപിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാട്സ്ആപ്പ് ഗ്രൂപ്പുകൾ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ ഫോണിൽ നിന്നു തന്നെയെന്നാണ് മെറ്റയുടെ മറുപടി നേരത്തെ ലഭിച്ചിരുന്നു. മതാടിസ്ഥാനത്തിലുള്ള വിവാദ വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചത് വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ ഫോണിൽ നിന്ന് തന്നെയെന്നാണ് കണ്ടെത്തൽ. ഫോൺ ഫോർമാറ്റ് ചെയ്തതിനാൽ മുഴുവൻ വിവരങ്ങളും മായ്ച്ചുകളഞ്ഞതിനാൽ വിശദാംശങ്ങളെടുക്കാൻ സൈബർ പൊലീസിന് കഴിഞ്ഞില്ല.
മതവിഭാഗങ്ങളെ വേർതിരിച്ച് പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സർവീസ് ചട്ടലംഘനമാണ്. മല്ലു ഹിന്ദു ഓഫീസേഴ്‌സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് തുടങ്ങി പേരിൽ വന്ന ഗ്രൂപ്പുകൾ തന്റേതല്ലെന്നും ഹാക്കിംഗ് നടന്നെന്നുമായിരുന്നു വ്യവസായ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. ഹിന്ദു ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന കെ ഗോപാലകൃഷ്ണൻ തന്നെയായിരുന്നു മല്ലു മുസ്ലിം ഓഫീസേഴ്സ് ഗ്രൂപ്പിന്റെയും അഡ്മിൻ. ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തിരുന്നു.