എഡിഎം നവീൻ ബാബുവിന്റെ മരണം: കണ്ണൂർ കളക്ടർക്ക് പിന്തുണ പ്രഖ്യാപിച്ച് ഐഎഎസ് അസോസിയേഷൻ; എഡിഎമ്മിൻ്റെ മരണം ദുഃഖകരം, വിഷയത്തിൽ കണ്ണൂർ കളക്ടറെ കുറ്റപ്പെടുത്തുകയാണെന്നും അസോസിയേഷന്‍
കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കണ്ണൂർ കളക്ടർ അരുൺ കെ. വിജയന് പിന്തുണ പ്രഖ്യാപിച്ച് ഐഎഎസ് അസോസിയേഷൻ. എഡിഎമ്മിന്‍റെ മരണം ദുഃഖകരമാണെന്നും എന്നാൽ വിഷയത്തിൽ കണ്ണൂർ കളക്ടറെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അസോസിയേഷന്‍റെ വാർത്താക്കുറിപ്പിൽ പറയുന്നു.
കളക്ടർക്കെതിരെ കുടുംബം നിലപാടെടുത്തതിനിടെയാണ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കളക്ടർക്കെതിരായ വ്യക്തിപരമായ ആക്രമണം അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന കണ്ണൂർ കളക്ടർ അരുൺ കെ. വിജയന്റെ മൊഴി വിശ്വസിക്കാൻ കഴിയില്ലെന്ന് എഡിഎം നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
കളക്ടർ ആദ്യം പറയാത്ത മൊഴിയാണ് പിന്നീട് നൽകിയതെന്ന് കുടുംബത്തിനുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ വാദിച്ചു. അതേസമയം, എഡിഎം നവീൻബാബുവിന്റെ മരണം നടന്ന് മണിക്കൂറുകൾക്കകം സിപിഎം കണ്ണൂർ ജില്ല കമ്മിറ്റി നടത്തിയ പ്രസ്താവനയാണ് ചൊവ്വാഴ്ച പി പി ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിൽ ഏറ്റുപറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഴിമതിക്കെതിരെ സദുദ്ദേശ്യത്തോടെയാണ് ദിവ്യ സംസാരിച്ചതെന്നും യാത്രയയപ്പ് യോഗത്തിൽ അത്തരമൊരു പരാമർശം വേണ്ടിയിരുന്നില്ലെന്നുമാണ് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. ദിവ്യയുടെ ജാമ്യഹർജിയിൽ വെള്ളിയാഴ്ചയാണ് വിധിപറയുക.