രക്തസമ്മർദ്ദത്തെ നിസാരമായി കാണരുത്; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Spread the love

കൃത്യമായി നിയന്ത്രിക്കാത്ത പക്ഷം, ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. പക്ഷാഘാതമുണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്ന് അമിത രക്തസമ്മർദ്ദമാണ്‌.

രക്താതിമർദ്ദം രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഉപ്പ് , കൊഴുപ്പ് എന്നിവ ധാരാളമടങ്ങിയ ആഹാരം, വ്യായാമരഹിതമായ ദിനചര്യ, അമിത വണ്ണം, അനിയന്ത്രിതമായ പ്രമേഹം, പുകവലി, മദ്യപാനം തുടങ്ങിയ ലഹരികൾ, മറ്റ് തെറ്റായ ജീവിതരീതികൾ അമിത രക്തസമ്മർദ്ദമുള്ള രോഗികളിൽ അപകട സാധ്യത കൂട്ടുന്നു.

രക്തസമ്മർദ്ദം: അടിസ്ഥാന അറിവുകൾ
രക്തം അതുൾക്കൊള്ളുന്ന ധമനികളുടെ ചുവരിൽ ഏൽപ്പിക്കുന്ന മർദ്ദത്തെയാണ് രക്തസമ്മർദ്ദം എന്ന് വിളിക്കുന്നത്. ഹൃദയം മിടിക്കുമ്പോൾ അഥവാ സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന ഉയർന്ന മർദ്ദത്തെ സിസ്റ്റോളിക് ബിപി എന്നും ഹൃദയമിടിപ്പുകൾക്കിടയിലുള്ള വിശ്രമാവസ്ഥയിൽ ഉണ്ടാകുന്ന മർദ്ദത്തെ ഡയസ്റ്റോളിക് ബിപി എന്നും മനസിലാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിപി രേഖപ്പെടുത്തുന്നത് രണ്ട് അക്കങ്ങളായാണ്. ആദ്യത്തേതു സിസ്റ്റോളിക് ബിപി യെയും രണ്ടാമത്തേത് ഡയസ്റ്റോളിക് ബിപി യെയും സൂചിപ്പിക്കുന്നു. സാധാരണഗതിയിൽ സിസ്റ്റോളിക് ബിപി 120 -140 mm of Hg വരെയും ഡയസ്റ്റോളിക് ബിപി 80 – 90 mm of Hg വരെയും ആയിരിക്കുന്നതിനെ നോർമൽ അഥവാ ആരോഗ്യകരമായ രക്ത സമ്മർദ്ദ നിലയായി കണക്കാക്കിയിരുന്നു. ഇതിനു മുകളിൽ സ്ഥായിയായി നിലനിൽക്കുന്ന രക്താതിമർദ്ദം ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം മുതലായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത വളരെ ഉയർന്നതാണ്.

മറ്റ് അനുബന്ധ രോഗങ്ങളില്ലാതെ, ജീവിതശൈലി, പ്രായം, ജനിതക ഘടകങ്ങൾ തുടങ്ങിയവകാരണം കാണപ്പെടുന്ന രക്താതിമർദ്ദത്തെ പ്രൈമറി ഹൈപ്പർടെൻഷൻ അല്ലെങ്കിൽ എസ്സെൻഷ്യൽ ഹൈപ്പർടെൻഷൻ എന്ന് വിളിക്കുന്നു. എന്നാൽ സെക്കണ്ടറി ഹൈപ്പർടെൻഷൻ അഥവാ നോൺ എസ്സെൻഷ്യൽ ഹൈപ്പർടെൻഷൻ കരൾരോഗം, വൃക്കരോഗം തുടങ്ങിയ പ്രാഥമിക കാരണങ്ങളാലും ചിലതരം മരുന്നുകളുടെ ഉപയോഗത്താലുമുണ്ടാകുന്നതാണ്.

അമിത രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കുക:
സ്ഥിതി വിവരക്കണക്കുകൾ പ്രകാരം പകുതിയിലധികം രക്താതിമർദ്ദ രോഗികൾക്കും തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ചു അറിവില്ലായെന്നത് കണക്കിലെടുക്കേണ്ട വസ്തുതയാണ്. പ്രമേഹം, അമിത കൊളസ്ട്രോൾ, പൊണ്ണത്തടി , വൃക്ക രോഗികൾ, കരൾ രോഗികൾ , ഹൃദ്രോഗികൾ തുടങ്ങിയവർ രണ്ടാഴ്ചയിലൊരിക്കലെങ്കിലും തങ്ങളുടെ രക്ത സമ്മർദ്ദം പരിശോധിക്കേണ്ടതാണ്. അകാലത്തിലുണ്ടാകുന്ന ഹൃദയാഘാതം , സ്ട്രോക്ക് ഇവ വർധിച്ചു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നതിനാൽ പ്രത്യേക അസുഖങ്ങളില്ലാത്ത 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ മാസത്തിലൊരുതവണ രക്തസമ്മർദ്ദം പരിശോധിക്കണം. ഇത് രോഗനിർണയം നേരത്തെ നടത്താനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും സഹായിക്കും.