ഹൈദരാബാദിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപാതകം: പൊലീസ് വെടി വച്ച് കൊന്നത് വാടക കൊലയാളികളെയോ: പൊലീസ് രക്ഷപെടുത്താൻ ശ്രമിക്കുന്ന വമ്പന്മാർ തിരശീലയ്ക്ക് പിന്നിലോ
ക്രൈം ഡെസ്ക്
ഹൈദരാബാദ്: ഹൈദരാബാദിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് പൊലീസ് നീതി തോക്കിൻ കുഴലിലൂടെ നടപ്പാക്കി എന്ന് അവകാശപ്പെടുന്നവർക്കു മുന്നിൽ ഉയരുന്നത് വലിയൊരു ചോദ്യം. കേസിൽ പിടിയിലായി വെടിയേറ്റ് കൊല്ലപ്പെട്ടവർ വെറും വാടക കൊലയാളികൾ മാത്രമായിരുന്നോ എന്ന സംശയം ആണ് ഇപ്പോൾ ഉയരുന്നത്.
പ്രതികൾക്ക് പിന്നിൽ മറ്റാരോ ഉണ്ടായിരുന്നെന്നും ഇവരിലേയ്ക്ക് അന്വേഷണം എത്താതിരിക്കാൻ പ്രതികളെ കൃത്യമായി നോക്കിൻ കുഴലിലൂടെ തീർത്തതായും ഉള്ള സംശയമാണ് ഇപ്പോൾ ഉയരുന്നത്. രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്ന കേസിൽ ഇത്തരം ഒരു നീതി നടപ്പാക്കിയാൽ പൊലീസിനാവും സ്വാഭാവികമായും കൈയ്യടി ലഭിക്കുക. കുറ്റകൃത്യത്തിന്റെ മറ്റ് വശങ്ങളിലേയ്ക്ക് അന്വേഷണം പോകാതെ കൊല്ലപ്പെട്ടവരിൽ കേസ് അവസാനിക്കുകയും ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈദരാബാദ് പൊലീസ് പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയ രീതി പരിശോധിക്കുമ്പോൾ നീതി നടപ്പാക്കൽ മാത്രമായിരുന്നോ ലക്ഷ്യം എന്നും സംശയിക്കേണ്ടി ഇരിക്കുന്നു. എത്രയും വേഗം പ്രതികളെ ഇല്ലാതാക്കി കേസ് തന്നെ അവസാനിപ്പിക്കാനുള്ള നീക്കം ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്. രാജ്യത്ത് ഇതിലും ക്രൂരമായി നടന്ന മറ്റ് കൊലപാതകങ്ങളിൽ ഒന്നിൽ പോലും പൊലീസ് ഉത്തരത്തിൽ നീതി നടപ്പാക്കിയില്ലെന്നത് ശ്രദ്ധേയമാണ്.
ഉന്നാവോയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതും , അഭിഭാഷകരെയും പെൺകുട്ടിയുടെ ബന്ധുക്കളെയും കാറിടിച്ച് കൊലപ്പെടുത്തിയതും ഒരു എം.എൽ.എ നേരിട്ടായിരുന്നു. ഈ കേസിൽ പ്രതികളെ പിടികൂടാൻ പോലും താല്പര്യം കാണിക്കാതിരുന്ന പൊലീസാണ് ഇപ്പോൾ ഒരു ഏറ്റുമുട്ടൽ കൊലപാതകത്തിലൂടെ നീതി നടപ്പാക്കുന്നത്. ഇതിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതികളുടെ ബന്ധുക്കളും ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്.
കേസിലെ പ്രതികൾക്ക് വേണ്ടി എഫ് ഐ ആർ തന്നെ പൊലീസ് തിരുത്തിയിരുന്നു. ഇപ്പോൾ കൊല്ലപ്പെട്ട പ്രതികൾ നാലു പേരും സമൂഹത്തിൽ കാര്യമായ സ്വാധീനം ഇല്ലാത്തവരാണ്. ഇവർ ഇത്തരത്തിൽ കൊലപാതകം നടത്തുകയും ഇതിൽ നിന്ന് രക്ഷപെടാൻ എഫ്ഐആർ തിരുത്താൻ ഇടപെടുകയും ചെയ്തു എന്നത് വിശ്വാസയോഗ്യമല്ല. അത് കൊണ്ട് തന്നെ മറ്റാരെങ്കിലും പ്രതികൾക്ക് പിന്നിൽ ഉണ്ടായിരുന്നോ എന്നതാണ് അന്വേഷണ വിധേയമാകേണ്ടത്.
കൊല്ലപ്പെട്ട പ്രതികളില്‍ ഒരാളായ ചിന്നകേശവലുവിന്റെ ഭാര്യ രേണുകയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വികാരഭരിതയായാണ് പ്രതികരിച്ചത്. തന്നെയും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകാനും ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഇടത്ത് നിര്‍ത്തി അതേ രീതിയില്‍ വെടിവെച്ച് വീഴ്‌ത്താനുമാണ് കണ്ണീരോടെ രേണുക പറയുന്നത്. എനിക്ക് അദ്ദേഹമില്ലാതെ ജീവിക്കാനാവില്ല. എന്നെയും കൊല്ലൂ എന്നാണ് ഗര്‍ഭിണിയായ രേണുക പറയുന്നത്.
എന്റെയടുത്ത് നിന്നാണ് അവര്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ട് പോയത്. ചോദ്യം ചെയ്ത ശേഷം വിട്ടയക്കാം എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഒരു ദാക്ഷണ്യവുമില്ലാതെ അവര്‍ അദ്ദേഹത്തെ കൊന്നു കളഞ്ഞു. വളരെ മൃദു സമീപനമുള്ള അദ്ദേഹത്തിന് ഇങ്ങനെയൊരു ക്രൂരത ചെയ്യാനാകും എന്ന് കരുതുന്നില്ല. അഥവാ അദ്ദേഹമങ്ങനെ ചെയ്‌തെങ്കില്‍ മരണ ശിക്ഷ വിധിക്കാനും നടപ്പാക്കാനും കോടതിക്ക് വിട്ടുകൊടുക്കാമായിരുന്നു എന്നും രേമുക പറയുന്നു. ഞാനും കൊല്ലപ്പെട്ട യുവതിയെ പോലെ ഒരു പെണ്ണാണ് എന്നും രേണുക കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന സംഭവത്തില്‍ പ്രതികളായി പൊലീസ് അറസ്റ്റു ചെയ്ത നാലുപേരില്‍ ചിന്നകേശവലു മാത്രമാണ് വിവാഹിതന്‍. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ വിവാഹിതരായത്. ഭാര്യ ഗര്‍ഭിണിയാണ്. ചിന്നകേശവലു ഇത്തരം ഒരു ക്രൂരകൃത്യം ചെയ്യും എന്ന് വിശ്വസിക്കാന്‍ വീട്ടുകാര്‍ക്ക് ഇപ്പോഴും ആയിട്ടില്ല.
പൊലീസിന്റെ ക്രൂരമായ കൊലപാതകമാണ് ഇതെന്നാണ് മറ്റൊരു പ്രതിയായ നവീന്റെ അച്ഛന്‍ പ്രതികരിച്ചത്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും മുമ്പ് എന്തിനാണ് അവര്‍ അവനെ കൊന്നു കളഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ജൊല്ലു ശിവയുടെ അച്ഛന്‍ ജൊല്ലു രാജപ്പ തന്റെ മകനെ കൊലപ്പെടുത്തിയതില്‍ അസ്വാഭാവികത ഇല്ലെന്ന് പ്രതികരിച്ചു. എന്നാല്‍, ഇതേരീതിയില്‍ എല്ലാ പീഡനക്കേസ് പ്രതികളെയും കൊലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകം മുഴുവന്‍ തന്റെ മകന്‍ കുറ്റക്കാരനാണ് എന്ന് പറയുന്നു. പ്രതികളില്‍ ഒരാള്‍ തങ്ങള്‍ കുറ്റം ചെയ്തു എന്ന് പറഞ്ഞിട്ടുണ്ട്. അവന് അതിനുള്ള ശിക്ഷ കിട്ടി. എല്ലാ റേപ് കേസ് പ്രതികള്‍ക്കും ഇതേ ശിക്ഷ നല്‍കണം എന്നും ജൊല്ലു രാജപ്പ പറഞ്ഞു. അതേസമയം, പ്രധാന പ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ മകന്റെ മരണവാര്‍ത്ത കേട്ടതോടെ ബോധരഹിതയായി നിലംപതിച്ചു. പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കാനും ഇവര്‍ വിസ്സമ്മതിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബര്‍ബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു.