video
play-sharp-fill

‘ഞാൻ പോകുന്നു’ എന്ന് കത്തെഴുതി; മുറി കുത്തിത്തുറന്ന് അകത്ത് കയറി അലമാര വെട്ടിപ്പൊളിച്ച് ഭാര്യയുടെ പത്ത് പവനും പണവുമായി കടന്നു; ഭർത്താവ് പിടിയിൽ

‘ഞാൻ പോകുന്നു’ എന്ന് കത്തെഴുതി; മുറി കുത്തിത്തുറന്ന് അകത്ത് കയറി അലമാര വെട്ടിപ്പൊളിച്ച് ഭാര്യയുടെ പത്ത് പവനും പണവുമായി കടന്നു; ഭർത്താവ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യയുടെ 10 പവന്റെ സ്വർണാഭരണങ്ങളും പണവുമായി കടന്നയാൾ പിടിയിൽ. ഞാൻ പോകുന്നു എന്ന് കത്തെഴുതി വെച്ചാണ് ഇയാൾ പോയത്. റാന്നി പുതുശേരിമല ഫിറോസ് നിവാസിൽ റഹീം ആണ് അറസ്റ്റിലായത്.

സ്വർണം മോഷ്ടിച്ചു എന്ന ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ് രേഖപെടുത്തിയത്. കഴിഞ്ഞ മാസം 28ന് ഭാര്യ ജോലിക്ക് പോയ സമയത്ത് മുറി കുത്തിത്തുറന്ന് അകത്ത് കയറി അലമാര വെട്ടിപ്പൊളിച്ചാണ് ഇയാൾ സ്വർണവും പണവും എടുത്തതെന്ന് പോലീസ് പറഞ്ഞു. മോഷണ വിവരം അറിഞ്ഞ് വിരലടയാള വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽനിന്ന് ‘ഞാൻ പോകുന്നു’ എന്നെഴുതിയ കത്ത് കിട്ടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് ഭർത്താവാണെന്ന സൂചന ലഭിച്ചത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയ ശേഷമായിരുന്നു റഹീമിന്റെ യാത്ര.

മുമ്പും വീട്ടിൽ നിന്ന് ഇത്തരത്തിൽ സ്വർണവും പണവും കൊണ്ടുപോയിരുന്നെങ്കിലും ഇവർ പരാതി നൽകിയിരുന്നില്ല. ഇയാൾ സ്വർണം പണയം വെച്ചും വിറ്റും കിട്ടുന്ന പണവുമായി ലോഡ്ജുകളിൽ താമസിച്ച് മദ്യപിക്കുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പണം തീരുമ്പോൾ വീട്ടിലെത്തും.

നൂറോളം ലോഡ്ജുകളിൽ പൊലീസ് പരിശോധന നടത്തിയിട്ടും ഇയാളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. മറ്റൊരാളുടെ ഫോണിൽ നിന്ന് റഹീം ബന്ധുവിനെ വിളിച്ചതാണ് അന്വേഷണത്തിനു വഴിത്തിരിവായത്. തുടർന്ന് തിരുവനന്തപുരം ആറ്റിങ്ങലിൽ നിന്ന് ഇയാൾ പിടിയിലാകുകയായിരുന്നു.

മോഷ്ടിച്ച സ്വർണം പകുതി വിറ്റതായും ബാക്കി പലയിടങ്ങളിൽ പണയപ്പെടുത്തിയതായും കണ്ടെത്തി. 50,000 രൂപ ചെലവഴിച്ചിരുന്നു. ഒരു ലക്ഷം രൂപ കൈവശം ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ റഹീമിനെ റിമാൻഡ് ചെയ്തു.