പതിനേഴുകാരിയുടെ പ്രായം കൂട്ടിപറഞ്ഞ് മാതാപിതാക്കള്‍ വിവാഹം നടത്തി; ഒടുവിൽ ഭാര്യ ഗർഭിണിയായതിന് പിന്നാലെ യുവാവ് പോക്സോ കേസില്‍ പ്രതിയായി
തിരുവനന്തപുരം: ഭാര്യ ഗർഭിണിയായതിന് പിന്നാലെ യുവാവ് പോക്സോ കേസില്‍ പ്രതിയായി.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന കുറ്റത്തിലാണ് തിരുവനന്തപുരം സ്വദേശിയായ 24-കാരനെ അയിരൂർ പൊലീസ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്.
പതിനേഴുകാരിയുടെ മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ യഥാർത്ഥ പ്രായം മറച്ചുവെച്ചാണ് വിവാഹം നടത്തിയത്. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ് മാസം മുൻപായിരുന്നു വിവാഹം. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ പെണ്‍കുട്ടി ഗർഭിണിയായി.
തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം ഡോക്ടർ തിരിച്ചറിയുന്നത്.
പിന്നാലെ ഡോക്ടർ വിവരം പൊലീസില്‍ റിപ്പോർട്ട് ചെയ്തു.
വിവാഹം ചെയ്ത യുവാവ്, യുവാവിന്റെ മാതാപിതാക്കള്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവരും കേസില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.