സ്വന്തം ലേഖകൻ
മധുര: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറായ എസ് ജ്യോതിമണി (22)യാണ് ഭാര്യയായ തമിഴനാട് ഷോലവന്ദൻ സ്വദേശിനി എസ് ഗ്ലാഡിസ് റാണി (21) യെ കൊന്നത്. രണ്ട് ദിവസം മുൻപ് പൊലീസ് ഇടപെട്ട് നടത്തിയ വിവാഹമായിരുന്നു ഇവരുടേത്.
കോളേജ് വിദ്യാർത്ഥിനിയായ ഗ്ലാഡിസും ജ്യോതിമണിയും തമ്മിൽ വളരെകാലമായി പ്രണയത്തിലായിരുന്നു. ഗ്ലാഡിസ് ഗർഭിണിയായതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ജ്യോതിമണി ശ്രമിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്ലാഡിസിനെ വിവാഹം ചെയ്യാൻ ജ്യോതിമണിയും വീട്ടുകാരും തയ്യാറായില്ലെന്ന് ഗ്ലാഡിസിന്റെ ബന്ധുക്കൾ പറഞ്ഞു. ഇതിനെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയും സമയനെല്ലൂർ പൊലീസ് ഇടപ്പെട്ട് ഇരുവരുടേയും വിവാഹം നടത്തികൊടുക്കുകയുമായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന വിവാഹത്തിനു ശേഷം ഇരുവരും ഗ്ലാഡിസിന്റെ വീട്ടിലായിരുന്നു നിന്നിരുന്നത്. ബുധനാഴ്ച കോളേജിൽ നിന്നും സർട്ടിഫിക്കേറ്റ് വാങ്ങാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.
രാത്രി ഏറെകഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് ഗ്ലാഡിസിന്റെ ബന്ധുക്കൾ വിളിച്ചപ്പോൾ ഭാര്യ മറ്റൊരാളുടെ ഒപ്പം ഒളിച്ചോടിപോയെന്ന് ജ്യോതിമണി പറഞ്ഞെന്ന് ബന്ധുക്കൾ ആരോപിച്ചു.
തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ജ്യോതിമണിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്.
ഗ്ലാഡിസിനെ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം മൃതശരീരം അവണിയാപുരത്തെ ഒഴിഞ്ഞസ്ഥലത്ത് പെട്രോളൊഴിച്ച് കത്തിച്ചു കളഞ്ഞുവെന്ന് ജ്യോതിമണി സമ്മതിച്ചു. സ്ഥലത്തു നിന്നു മൃതദേഹാവശിഷ്ടം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.