ഭാര്യയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധം ; ഭാര്യയെ തീകൊളുത്തിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

Spread the love

കല്‍പ്പറ്റ: ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. സുല്‍ത്താന്‍ ബത്തേരി കുപ്പാടി ഓടപ്പള്ളം പ്ലാക്കാട് വീട്ടില്‍ ഉണ്ണികൃഷ്ണ(52)നെയാണ് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോര്‍ട്ട്-രണ്ട് ജഡ്ജ് എസ്.കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്.

2021 ആഗസ്റ്റ് 24-നായിരുന്നു സംഭവം. ഭാര്യയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധത്താല്‍ കുപ്പാടി, ഓടപ്പള്ളത്തുള്ള വീട്ടിലെ അടുക്കളയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ ഭാര്യ ഷിനി(45)യുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയത്. ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ ഷിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിറ്റേ ദിവസം വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.

പിന്നാലെ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്നത്തെ ഇന്‍സ്പെക്ടര്‍ എസ്.എച്ച്‌.ഒ കെ.പി. ബെന്നിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. എ.എസ്.ഐമാരായ ഉദയകുമാര്‍, ജമീല എന്നിവരും അന്വേഷണത്തില്‍ അദ്ദേഹത്തെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍ ഹാജരായി. എസ്.സി.പി.ഒ. നൂര്‍ മുഹമ്മദ്, സി.പി.ഒ. അനൂപ് പി. ഗുപ്ത എന്നിവരും പ്രോസിക്യൂഷനെ സഹായിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group