നിയമ വിരുദ്ധ പ്രവൃത്തികൾക്കായി 6 പേരെ ചൈനീസ് കമ്പനിക്ക് വിറ്റ മലയാളി പിടിയിൽ

Spread the love

എറണാകുളം : നിയമ വിരുദ്ധ പ്രവൃത്തികൾക്കായി ലാവോസിലേക്കു മനുഷ്യക്കടത്തു നടത്തിയ യുവാവ് പിടിയിൽ.  എറണാകുളം പള്ളുരുത്തി തങ്ങൾ നഗർ നികർത്തിൽ പറമ്പിൽ അഫ്സർ അഷ്റഫിനെയാണു (34) തോപ്പുംപടി പൊലീസ് പിടികൂടിയത്.

മട്ടാഞ്ചേരി അസി.കമ്മിഷണർ കെ.ആർ. മനോജ്, തോപ്പുംപടി ഇൻസ്പെക്ടർ സി.ടി. സഞ്ജു, എസ്ഐ ജിൻസൻ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

എറണാകുളം പനമ്പിള്ളി നഗറിൽ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ ഷുഹൈബ് ഹസനാണു പരാതി നൽകിയത്. ലാവോസിലെ ചൈനീസ് കമ്പനിയായ യിങ് ലോൺ എന്ന സ്ഥാപനത്തിൽ ഇൻവെസ്റ്റ്മെന്റ് സ്ക‌ീമിൽ ജോലി വാഗ്ദാനം ചെയ്താണു ഷുഹൈബ് ഹസൻ ഉൾപ്പെടെ 6 പേരെ ലാവോസിലേക്കു കൊണ്ടുപോയത്. 50,000 രൂപ വീതം വാങ്ങിയാണു പ്രതി ഇവരെ ലാവോസിലേക്ക് അയച്ചത്. ഇവിടെ എത്തിച്ച ശേഷം യിങ് ലോൺ എന്ന കമ്പനിക്കു 4 ലക്ഷം രൂപ വീതം വാങ്ങി വിറ്റുവെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 4നാണു ഷുഹൈബ് ഹസനും കൂട്ടുകാരും ലാവോസിലേക്കു പോയത്. ലാവോസിൽ എത്തിയ ശേഷമാണ് ഓൺലൈൻ തട്ടിപ്പ് അടക്കമുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടിയാണു തങ്ങളെ എത്തിച്ചതെന്നു മനസ്സിലാകുന്നത്.

ജോലി ചെയ്തില്ലെങ്കിൽ ശാരീരികവും മാനസികവുമായ പീഡനം. എംബസിയിൽ അറിയിച്ചതിനെ തുടർന്ന് ഈ മാസം 3ന് ഇവർ മടങ്ങിയെത്തി. ഒരാൾ മാത്രമാണു പൊലീസിൽ പരാതി നൽകിയത്.

ലാവോസിലെ ഗോൾഡൻ ട്രയാങ്കിളിൽ പ്രവർത്തിക്കുന്ന യിങ് ലോൺ ജീവനക്കാരായ സോങ്, ബോണി എന്നിവരും പ്രതികളാണ്. അറസ്റ്റ‌ിലായ അഫ്സർ അഷ്റഫ് നേരത്തെ ലാവോസിൽ ജോലിക്കു പോയ ശേഷം മടങ്ങി വന്നയാളാണ്. ലാവോസിലെ സ്‌ഥാപനത്തിൽ നൂറിലേറെ പേർ ഇത്തരത്തിൽ ജോലി ചെയ്തു വരികയാണെന്നാണു പൊലീസിനു ലഭിച്ച വിവരം. സിവിൽ പൊലീസ് ഓഫിസർമാരായ ബിബിൻ മോൻ, രൂപേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.