
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം തള്ളുന്നതു തടയാന്‍ തോട് പൂർണമായും മറയ്ക്കുന്ന രീതിയിൽ കമാനവേലി (Dome fencing) സ്ഥാപിക്കുന്ന ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ വിളിച്ച വിവിധ വകുപ്പദ്ധ്യക്ഷൻമാരുടെ യോഗം തീരുമാനിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ വിളിച്ച വിവിധ വകുപ്പദ്ധ്യക്ഷൻമാരുടെ യോഗം ചേർന്നത്. ഐ.ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ അന്വേഷണവിഭാഗം തയ്യാറാക്കി കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശുപാർശയാണ് കനാലിൽ ഉടനീളം കമാനവേലി സ്ഥാപിക്കണം എന്നത്.
അന്വേഷണവിഭാഗം സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ പൂർണമായും നടപ്പിലാക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. മഴക്കാലത്ത് ആമയിഴഞ്ചാൻ തോടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ കനാലിന്റെ വീതി കൂട്ടണമെന്ന ശുപാർശ കമാനവേലി സ്ഥാപിച്ച ശേഷം പരിഗണിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കനാൽ കൈയേറി നടത്തിയ അനധികൃതനിർമ്മാണം തിരിച്ചുപിടിക്കണമെന്ന ശുപാർശയും വേലി നിർമ്മാണം പൂർത്തിയായാലുടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.കനാലിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്ത് സംസ്കരിക്കുന്നതിനുള്ള അംഗീകൃത ഏജൻസികളുടെ വിവരങ്ങൾ അടുത്തയോഗത്തിൽ സമർപ്പിക്കാൻ നഗരസഭക്കും ശുചിത്വമിഷനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
കമ്മീഷൻ അന്വേഷണവിഭാഗത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ വകുപ്പുതലത്തിൽ സ്വീകരിച്ച നടപടികളെകുറിച്ചുള്ള റിപ്പോർട്ട് വൻകിട ജലസേചനം, നഗരസഭ, പോലീസ്, കെ.എസ്.ആർ.റ്റി.സി. എന്നിവർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ സമർപ്പിക്കണം. നടപടികൾ ഏകോപിപ്പിക്കാൻ വകുപ്പുതലത്തിൽ നോഡൽ ഓഫീസറെ നിയോഗിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസ് കമ്മീഷന്റെ പരിഗണനയിലാണ്.