
തിരുവനന്തപുരം: കുടുംബം പുലർത്താനായി രാത്രികാലങ്ങളിൽ വിഴിഞ്ഞം തുറമുഖത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിരുദ വിദ്യാർത്ഥിക്ക് ശമ്പളം നൽകാത്ത സ്വകാര്യ ട്രാവൽ സ്ഥാപനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
തൈക്കാട് പ്രവർത്തിക്കുന്ന ഹൈനസ് ഗ്രൂപ്പ് ട്രാവൻസ് ഉടമ ശരത്തിനെതിരെ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂ നാഥ് ജില്ലാ ലേബർ ഓഫീസറോട് ആവശ്യപ്പെട്ടു.
ഏപ്രിൽ 10 മുതൽ മേയ് 2 വരെയാണ് പരാതിക്കാരനായ ഒറ്റശേഖരമംഗലം സ്വദേശി എ.എസ്. അഭിജിത് വിഴിഞ്ഞം തുറമുഖത്തിലെ ഉദ്യോഗസ്ഥരെ തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്നും തുറമുഖത്തിലെത്തിച്ചിരുന്ന കരാർ കമ്പനിയായ ഹൈനസ് ട്രൂപ്പ് ട്രാവൽസിൽ ജോലി ചെയ്തിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഴിച്ചൽ ഇമ്മാനുവേൽ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പരാതിക്കാരൻ. അച്ഛൻ മരിച്ചു. അമ്മയും ഒരു സഹോദരിയും അഭിജിത്തിനുണ്ട്.
14400 രൂപയാണ് അഭിജിത്തിന് കിട്ടാനുള്ളത്. ശമ്പളത്തിനായി കമ്പനിയിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. ഓഗസ്റ്റ് 5 ന് കേസ് പരിഗണിക്കും.