
ജിപിഎസ് സംവിധാനത്തിന്റെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യം; ട്രാൻസ്പോർട്ട് കമ്മീഷണറിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
കോട്ടയം: കൊമേഴ്സ്യൽ വാഹനങ്ങളിൽ ഘടിപ്പിക്കേണ്ട ജിപിഎസ് സംവിധാനത്തിന്റെ പേരിൽ സ്വകാര്യ കമ്പനികൾ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ട്രാൻസ്പോർട്ട് കമ്മീഷണറിൽ നിന്നും റിപ്പോർട്ട് തേടി.
നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. 2019 ൽ നിർഭയ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ജിപിഎസ് സംവിധാനം നിർബന്ധമാക്കിയത്.
സർക്കാർ അംഗീകരിച്ച സ്വകാര്യകമ്പനികളിൽ നിന്നും ഉപകരണം വാങ്ങണമെന്നാണ് നിർദ്ദേശമെന്ന് പരാതിയിൽ പറയുന്നു. ഇത്തരത്തിൽ സ്ഥാപിച്ച ഉപകരണങ്ങൾക്ക് സ്വകാര്യകമ്പനികൾ 3,500 മുതൽ 5,500 രൂപ വരെ റീചാർജ്ജ് ഇനത്തിൽ ഈടാക്കുന്നു എന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെൽട്രോൺ പോലുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഉപകരണം വാങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. കേരളീയം സംസ്ഥാന പ്രസിഡന്റ് മനോജ് കോട്ടയം സമർപ്പിച്ച പരാതിയിലാണ് നടപടി.