
ലോക്കപ്പ് മര്‍ദനം ; പോലീസുകാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
സ്വന്തംലേഖകൻ
കൊച്ചി: സിനിമാ തിയറ്ററില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്നു പരാതി നല്കാന് കളമശേരി പോലീസ് സ്റ്റേഷനില്‍ ചെന്ന സുഹൃത്തുക്കളെ കാണാനെത്തിയ വ്യക്തിയെ എസ്ഐയും സംഘവും ചേര്‍ന്നു ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്. തുക കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണം.എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് ജോസഫിനാണു കളമശേരി പോലീസ് സ്റ്റേഷനില്‍നിന്നു മര്‍ദനമേറ്റത്. ജയരാജിനെ പരിശോധിച്ചിട്ടും വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ പരിക്ക് രേഖപ്പെടുത്താതിരുന്ന ആലുവ താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സര്ജന് ഡോ. മനോജ് അഗസ്റ്റിന്റെ പേരില്‍ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മീഷന് ഉത്തരവിട്ടു.2017 ജൂലൈ 16ന് അര്‍ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ജയരാജിന്റെ സുഹൃത്തുക്കളും മറ്റു ചിലരുമായി തിയറ്ററില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. സുഹൃത്തുക്കളുടെ പേരില്‍ പെറ്റിക്കേസ് ചാര്‍ജ് ചെയ്യാന്‍ എസ്ഐ നിര്‍ദേശിച്ചപ്പോൾ ജയരാജ് ചോദ്യം ചെയ്തു. ഇതേത്തുടർന്നു കളമശേരി സ്റ്റേഷന് ഹൗസ് ഓഫീസറായ ഇ.വി. ഷിബുവിന്റെ നേതൃത്വത്തിൽ മർദിച്ചെന്നാണ് പരാതി.