play-sharp-fill
മഞ്ചേരിയിലെ ആളുമാറി ശസ്ത്രക്രിയ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മഞ്ചേരിയിലെ ആളുമാറി ശസ്ത്രക്രിയ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

സ്വന്തംലേഖകൻ

കോഴിക്കോട് : മഞ്ചേരി മെഡിക്കൽ കോളേജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡോക്ടർമാർ ഉൾപ്പെടെയുളള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു. ഡോക്ടർമാർ ഉൾപ്പെടെ തീയേറ്ററിൽ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും വിശദീകരണം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഉടൻ ഹാജരാക്കണം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ഇന്ന് രാവിലെയാണ് മൂക്കിലെ ദശയ്ക്കും തൊണ്ടയിലെ അസുഖത്തിനുമാണ് ഏഴ് വയസ്സുകാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. എന്നാൽ കുട്ടിക്ക് ഹെർണിയയുടെ ചികിത്സയാണ് ചെയ്തത്. സമാന പേരിലുള്ള മറ്റൊരു കുട്ടിക്ക് ഹെർണിയയുടെ ശസ്ത്രക്രിയ വേണ്ടിയിരുന്നു. കുട്ടിയുടെ പേരുമായുള്ള നേരിയ സാമ്യമാണ് അബദ്ധ ശസ്ത്രക്രിയയ്ക്ക് കാരണമായതെന്നാണ് പറയുന്നത്. അതേസമയം, ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.  ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഉത്തരവിട്ടത്. സംഭവത്തിൽ ഡിഎംഒ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി.