സെർവിക്കല്‍ കാൻസർ പ്രതിരോധിക്കാൻ ഹയർസെക്കൻഡറി തലത്തിൽ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വാക്‌സിനേഷൻ; ഒരാള്‍ക്ക് ചെലവാകുന്നത് 300 രൂപ; ഫണ്ട് ഇല്ലാത്തതിനാൽ പ്രഖ്യാപനത്തിലൊതുങ്ങി എച്ച്.പി.വി വാക്‌സിനേഷൻ പദ്ധതി
തിരുവനന്തപുരം: സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന സെർവിക്കല്‍ കാൻസർ അഥവാ ഗർഭാശയഗള അർബുദം പ്രതിരോധിക്കാൻ പെണ്‍കുട്ടികള്‍ക്ക് ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്‌സിനേഷൻ സൗജന്യമായി നല്‍കാനുള്ള പദ്ധതി ഇപ്പോഴും പ്രതിസന്ധിയിൽ.
സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതിയുടെ നടത്തിപ്പിന് തടം സൃഷ്ടിക്കുന്നത്. വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകളുടെ സഹകരണത്തോടെ ഹയർസെക്കൻഡറി ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി കുത്തിവെപ്പ് നല്‍കാൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരോഗ്യ വകുപ്പ് ഉത്തവിറക്കിയത്.
ആരോഗ്യവകുപ്പിന്റെയും നാഷനല്‍ ഹെല്‍ത്ത് മിഷന്‍റെയും (എൻ.എച്ച്.എം) ഫണ്ട് ഉപയോഗിച്ച് പദ്ധതി ആരംഭിക്കാനായിരുന്നു തീരുമാനം. ആദ്യഘട്ടത്തില്‍ ആലപ്പുഴ, വയനാട് ജില്ലകളില്‍ വാക്‌സിൻ നല്‍കാനാണ് ലക്ഷ്യമിട്ടത്. ഇതിനു മാത്രം നാലു കോടി രൂപ വേണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, എൻ.എച്ച്.എം ഫണ്ട് കേന്ദ്രത്തില്‍നിന്ന് മുടങ്ങിയതോടെ ജീവനക്കാർക്ക് ശമ്പളം പോലും കിട്ടാത്ത സ്ഥിതിയാണ്. വാക്സിനും മറ്റു സൗകര്യങ്ങള്‍ക്കുമായി ശരാശരി 300 രൂപ ഒരാള്‍ക്ക് ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍.
പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടു ജില്ല പൂർത്തിയായാല്‍ ഉടൻ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കണം. ഇല്ലെങ്കില്‍ വ്യാപക പരാതികള്‍ക്ക് വഴിവെക്കും. അതിനാല്‍ ഫണ്ട് ഉറപ്പായശേഷം പദ്ധതി ആരംഭിച്ചാല്‍ മതിയെന്നാണ് തീരുമാനം. കേന്ദ്രസർക്കാർ സൗജന്യ വാക്‌സിനേഷൻ പട്ടികയില്‍ എച്ച്.പി.വി വാക്സിൻ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയും ആരോഗ്യ വകുപ്പിനുണ്ട്. അങ്ങനെയെങ്കില്‍ സൗജന്യമായി വാക്‌സിൻ ലഭിക്കും.
അതിനാല്‍ പദ്ധതിയുമായി സാവധാനം മുന്നോട്ടുപോയാല്‍ മതിയെന്ന അഭിപ്രായവും ശക്തമാണ്. പദ്ധതി സംസ്ഥാനത്ത് പൂർണമായി നടപ്പാക്കാൻ 13 കോടി വേണ്ടിവരും. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലായി ഏതാണ്ട് 4,34,768 പെണ്‍കുട്ടികളാണുള്ളത്. ശരാശരി 300 രൂപ വീതം ചെലവായാല്‍ 13 കോടി രൂപ സർക്കാർ കണ്ടെത്തണം.
മൂന്ന് ഡോസ് ആണ് ഈ കുത്തിവെപ്പ്. ആദ്യഡോസ് എടുത്ത് രണ്ടാം മാസം രണ്ടാം ഡോസും അതിനു ശേഷം നാലാം മാസം മൂന്നാം ഡോസും എടുക്കണം. വിദേശരാജ്യങ്ങളില്‍ ഒമ്ബതു വയസ്സുമുതല്‍ ഈ വാക്‌സിൻ നല്‍കുന്നുണ്ട്. സ്ത്രീകളില്‍ മാത്രമല്ല അർബുദം പ്രതിരോധിക്കാൻ പുരുഷന്മാരിലും എച്ച്.പി.വി വാക്സിൻ ഫലപ്രദമെന്ന പഠനങ്ങളും വന്നിട്ടുണ്ട്.