മനുഷ്യ ശരീരത്തിലെ ഏറ്റവും അഴുക്ക് നിറഞ്ഞ സ്ഥലം  എവിടെയാണെന്നറിയാമോ?, ഇവിടം വൃത്തിയാക്കിയില്ലെങ്കില്‍ സംഭവിക്കുന്നത് ഗുരുതര പ്രശ്നങ്ങള്‍

Spread the love

മനുഷ്യ ശരീരത്തിലെ ഏറ്റവും അഴുക്ക് നിറഞ്ഞ സ്ഥലം എവിടെയാണെന്നറിയാമോ. കുളിക്കുമ്പോള്‍ പോലും പലരും വൃത്തിയാക്കാൻ മറക്കുന്ന ഭാഗമാണത്.

ഡോക്ടർമാരുടെ അഭിപ്രായത്തില്‍ ചർമ്മത്തിന്റെ ആരോഗ്യത്തില്‍ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് പൊക്കിള്‍, വിയർപ്പും പൊടിയും മൃതകോശങ്ങളും അടക്കം ധാരാളം അഴുക്ക് അടിഞ്ഞു കൂടുന്ന ഇടമാണ് പൊക്കിള്‍. എണ്ണ, തുണിനാരുകള്‍ അടക്കം ഇവിടെയുണ്ടാകും.

പുറത്തേക്ക് തള്ളിനില്‍ക്കുന്ന പൊക്കിള്‍ ഉള്ളവരെക്കാള്‍ ഉള്ളിലേക്ക് വലിഞ്ഞു നില്‍ക്കുന്ന പൊക്കിള്‍ ഉള്ളവരിലാണ് അഴുക്ക് അടിഞ്ഞു കൂടുന്നത്. ഇവരില്‍ ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ബാക്ടീരിയല്‍ അണുബാധ. അഴുക്ക് നിറഞ്ഞ പൊക്കിളില്‍ ബാക്ടീരിയകളും ഫംഗസും അമിതമായി വളരാൻ സാദ്ധ്യതയുണ്ട്.

പൊക്കിള്‍ വൃത്തിയാക്കാത്തവരില്‍ ഇ കോളിയും മറ്റ് ബാക്ടീരിയകളും മൂലമുള്ള അണുബാധ ഉണ്ടാകും. സെബേഷ്യസ് സിസ്റ്റുകളോ യീസ്റ്റ് ഇൻഫെക്ഷനോ വരാനും സാദ്ധ്യതയുണ്ട്. പൊക്കിള്‍ ദിവസവും നന്നായി കഴുകി വൃത്തിയാക്കിയില്ലെങ്കില്‍ എണ്ണയും വിയർപ്പും അടിഞ്ഞു കൂടി യീസ്റ്റ് ഇൻഫെക്ഷൻ ഉണ്ടാകാം പൊക്കിള്‍ തുളച്ച്‌ ആഭരണങ്ങള്‍ അണിയുന്നവരില്‍ ബാക്ടീരിയല്‍ അണുബാധയ്ക്കും സാദ്ധ്യതയുണ്ട്.

എണ്ണ, മൃതകോശങ്ങള്‍, അഴുക്ക് ഇവയെല്ലാം ഏറെനാള്‍ പൊക്കിളില്‍ അടിഞ്ഞു കൂടി നാഭിക്കല്ല് അഥവാ ഓംഫാലിറ്റിസ് രൂപംകൊള്ളാൻ സാദ്ധ്യതയുണ്ട്. കട്ടി കൂടിയ കല്ല് പോലെയുള്ള വസ്തുവാണിത്. ഉപദ്രവകാരിയല്ലെങ്കിലും ഇവയില്‍ തൊട്ടാല്‍ അസ്വസ്ഥതയും സ്രവങ്ങളും ഉണ്ടാകും. പൊക്കിളില്‍ അടിഞ്ഞു കൂടുന്ന അഴുക്ക് കാരണം ഉണ്ടാകുന്ന ദുർഗന്ധവും ഒരു പ്രധാന പ്രശ്നമാണ്. പൊക്കിളിലെ ജീർണ പദാർത്ഥങ്ങളിലെ ബാക്ടീരിയകളും ഫംഗസും പ്രവർത്തിക്കുന്നത് മൂലമാണ് ദുർഗന്ധം ഉണ്ടാകുന്നത്. തുടർച്ചയായി ദുർഗന്ധം ഉണ്ടാകുകയോ ചുവപ്പു നിറമോ സ്രവങ്ങളോ വേദനയോ ഉണ്ടാകുന്നത് അണുബാധയുടെ ലക്ഷണമായും കണക്കാക്കുന്നു. പൊക്കിളിനുള്ളിലോ പൊക്കിളിന് ചുറ്റുമോ മുഴയോ വീക്കമോ കാണുന്നത് ഹെർണിയ മൂലമാകാം. ഇതിന് വൈദ്യപരിശോധന നടത്തേണ്ടത് അനിവാര്യമാണ്,

പൊക്കിള്‍ എളുപ്പത്തില്‍ വൃത്തിയാക്കാനാവും. കോട്ടണ്‍ സ്വാബോ ചെറിയ തുണിയോ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് ഉള്ളിലേക്ക് കുഴിഞ്ഞ പൊക്കിള്‍ വൃത്തിയാക്കാം. മൈല്‍ഡ് ആയ സോപ്പ് ഉപയോഗിച്ച്‌ തിരുമ്മിയും ഉള്‍ഭാഗം വൃത്തിയാക്കാം. കഴുകിയ ശേഷം ഈർപ്പം ഒട്ടും ഇല്ലാതെ ഉണങ്ങിയെന്ന് ഉറപ്പുവരുത്തണം. പൊക്കിളില്‍ ഈർ‌പ്പം ഉണ്ടെങ്കില്‍ ഫംഗസുകള്‍ വളരാനിടയാക്കും. പുറത്തേക്ക് ഉന്തിയ പൊക്കിളാണെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ തിരുമ്മി കഴുകാം, ശേഷം നന്നായി വെള്ളം കൊണ്ടുലച്ച്‌ കഴുകണം. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും കഴുകി വൃത്തിയാക്കണം.