ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ട് ചിത്രം: ‘ഹൃദയപൂർവ്വം’ റിവ്യൂ

Spread the love

കോട്ടയം: ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കൂട്ടുകെട്ട്. മോഹന്‍ലാലിന്‍റെ കൈയക്ഷരത്തില്‍ എത്തിയ ഹൃദയപൂര്‍വ്വം എന്ന ടൈറ്റിലിലുള്ള ചിത്രം കാത്തിരിക്കാന്‍ പ്രേക്ഷകരെ കൗതുകപ്പെടുത്തിയ ഘടകങ്ങളില്‍ പ്രധാനം അത് തന്നെ ആയിരുന്നു. ഇപ്പോഴത്തെ തിയറ്റര്‍ പ്രേക്ഷകരിലെ പല തലമുറകളുടെ സിനിമാഭിരുചികള്‍ സൃഷ്ടിച്ചതില്‍ പ്രധാന പങ്ക് വഹിച്ച സംവിധായകരില്‍ ഒരാളായ സത്യന്‍ അന്തിക്കാട് കാലത്തിനൊത്ത് അപ്ഡേറ്റ് ചെയ്യുന്ന കാഴ്ചയാണ് ഹൃദയപൂര്‍വ്വം. പ്രേക്ഷകരുടെ ശ്രദ്ധ കവരാന്‍ സംവിധായകര്‍ പ്രയാസപ്പെടുന്ന കാലത്ത്, അതിനായി അമിത വയലന്‍സും ഡാര്‍ക് മൂഡുമൊക്കെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കാലത്ത് അതില്‍നിന്നൊക്കെ അകന്ന് തികച്ചും സ്വച്ഛന്ദമായ മറ്റൊരു പാതയിലൂടെ സഞ്ചരിക്കുകയാണ് സത്യന്‍ അന്തിക്കാട്. അതേസമയം അത് അങ്ങേയറ്റം എന്‍റര്‍ടെയ്‍നിംഗുമാണ്.

മോഹന്‍ലാലിന്‍റെ സന്ദീപ് ബാലകൃഷ്ണന്‍ അദ്ദേഹത്തിനുവേണ്ടി അടുത്ത കാലത്ത് എഴുതപ്പെട്ടവയില്‍ മികവാര്‍ത്ത കഥാപാത്രങ്ങളില്‍ ഒന്നാണ്. കര്‍മ്മം കൊണ്ട് ബിസിനസുകാരനായ ആളിന്‍റെ വ്യക്തിപരമായ സവിശേഷതകളും സാധാരണത്വവും വൈകാരിക തലങ്ങളുമൊക്കെ ഒരേപോലെ ഇഴപാകിയൊരുക്കിയ ഒരു കഥാപാത്രം. സന്ദീപിന് നടത്തുന്ന ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലാണ് ഹൃദയപൂര്‍വ്വത്തിന്‍റെ ആരംഭം. മരണാനന്തരം നല്‍കപ്പെട്ടത് ആരുടെ ഹൃദയമാണോ ആ വ്യക്തിയുടെ കുടുംബവുമായി സാഹചര്യങ്ങളാല്‍ സന്ദീപിന് ഏറെ വൈകാതെ ബന്ധപ്പെടേണ്ടിവരികയാണ്. ആ ബന്ധം പിന്നീട് അയാളുടെ വ്യക്തിജീവിതത്തില്‍ അപ്രതീക്ഷിതമായി കൊണ്ടുവരുന്ന അനുഭവങ്ങളും അത് അയാളിലുണ്ടാക്കുന്ന തിരിച്ചറിവുകളുമൊക്കെയാണ് സത്യന്‍ അന്തിക്കാട് അവതരിപ്പിക്കുന്നത്.

പ്ലോട്ട് കേള്‍ക്കുമ്പോള്‍ ഫിലോസഫിയുടെ അതിപ്രസരം ഉണ്ടാവാമെന്ന് തോന്നിപ്പിക്കുന്ന ഒരു പരിസരത്ത് നിന്നുകൊണ്ട് തികച്ചും വ്യത്യസ്തമായി ചിരിയുടെ മണി മുഴക്കുകയാണ് സത്യന്‍ അന്തിക്കാട്. അത് പുതുതലമുറ പ്രേക്ഷകര്‍ക്കും വര്‍ക്ക് ആക്കാന്‍ കഴിഞ്ഞു എന്നതാണ് ഒരു സംവിധായകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ വലിയ വിജയം. അഖില്‍ സത്യനും (കഥ) ടി പി സോനുവും (തിരക്കഥ) അനൂപ് സത്യനും (ചീഫ് അസോസിയേറ്റ്) സംഗീത് പ്രതാപുമൊക്കെ ചേര്‍ന്ന യുവനിര സത്യന്‍ അന്തിക്കാടിനെ അതിന് സഹായിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ രോഗങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ ഒക്കെ പ്രമേയമാക്കുന്ന സിനിമകളില്‍ ചിരിയുണ്ടാക്കുക വലിയ ടാസ്ക് ആണ്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ പാളിയാല്‍ തവിടുപൊടി ആവുമെന്നതിനാല്‍ ഒരു ഹാര്‍ട്ട് സര്‍ജറി പോലെ സൂക്ഷ്മമായി ചെയ്യേണ്ടവയാണ് അത്തരം ചിത്രങ്ങള്‍. മലയാളത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിച്ചിട്ടുള്ള അത്തരം ചിത്രങ്ങളില്‍ ഒരു മൈല്‍ സ്റ്റോണ്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട് ഹൃദയപൂര്‍വ്വം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യന്‍ അന്തിക്കാട് ഫ്രെയ്മിലേക്ക് മോഹന്‍ലാലിനൊപ്പം എത്തുന്ന ചില താരങ്ങളും ഹൃദയപൂര്‍വ്വത്തിന് പ്രീ റിലീസ് ഹൈപ്പ് കൊടുത്തിരുന്നു. അതില്‍ പ്രധാനം സംഗീതം പ്രതാപ് ആയിരുന്നു. സന്ദീപ് ബാലകൃഷ്ണന്‍റെ കെയര്‍ ടേക്കര്‍ ആയി എത്തുന്ന മെയില്‍ നഴ്സ് ജെറിയെയാണ് സംഗീതം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാല്‍- സംഗീത് കോമ്പോ പണ്ട് ജഗതിക്കും ശ്രീനിവാസനുമൊക്കെയൊപ്പം ചേര്‍ന്ന് മോഹന്‍ലാല്‍ സൃഷ്ടിച്ച കോമ്പിനേഷനുകള്‍ പോലെ തോന്നിയെന്ന് സത്യന്‍ അന്തിക്കാട് റിലീസിന് മുന്‍പ് പറഞ്ഞിരുന്നു. അത് ഒട്ടുമേ അതിശയോക്തി കലര്‍ന്നത് അല്ലായിരുന്നുവെന്ന് വെളിപ്പെടുത്തും ചിത്രം. ഹ്യൂമര്‍ ഗംഭീരമായി വര്‍ക്കൗട്ട് ചെയ്തിരിക്കുന്ന ഈ കോമ്പോ സ്ക്രീന്‍ അങ്ങേയറ്റം ഫ്രെഷ്നെസ്സും തോന്നിപ്പിക്കുന്നുണ്ട്. സംഗീത് പ്രതാപില്‍ അവസാനിക്കുന്നില്ല ചിത്രത്തിലെ ശ്രദ്ധേയ കാസ്റ്റിംഗുകള്‍. പൂനെയില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ അമ്മയും മകളുമായി സംഗീതയും മാളവിക മോഹനനും പെര്‍ഫെക്റ്റ് കാസ്റ്റിംഗ് ആണ്. മോഹന്‍ലാല്‍- മാളവിക കോമ്പോയും മോഹന്‍ലാല്‍- സംഗീത കോമ്പോയുമൊക്കെ ചിത്രത്തിന് ഫ്രെഷ്നെസ് സമ്മാനിക്കുന്നുണ്ട്.

ഫീല്‍ ഗുഡ് എന്ന് പറയുമ്പോള്‍ത്തന്നെ അങ്ങനെ വിലയിരുത്തി നിസ്സാരവല്‍ക്കരിക്കാനാവാത്ത ആഴവും ചിത്രത്തിനുണ്ട്. തന്‍റേതല്ലാത്ത കാരണത്താല്‍ വിവാഹം മുടങ്ങിപ്പോയ, ആരോഗ്യ പ്രശ്നങ്ങളുള്ള, ക്രോണിക് ബാച്ച്ലര്‍ ആയ സന്ദീപ് ബാലകൃഷ്ണന്‍റെ ഒറ്റപ്പെടലും അതിന്‍റെ നോവും അതേസമയം ജീവിതത്തോടുള്ള നിര്‍മമതയുമൊക്കെ ആ പാത്രസൃഷ്ടിയിലുണ്ട്. ലളിതമെന്ന് പുറമേക്ക് തോന്നുന്ന, എന്നാല്‍ പെട്ടെന്ന് എടുത്താല്‍ പൊങ്ങാത്ത ഈ കഥാപാത്രത്തെ മോഹന്‍ലാല്‍ ഗംഭീരമായി പകര്‍ന്നാടിയിട്ടുണ്ട്. ഒരുപക്ഷേ മോഹന്‍ലാല്‍ ആയതുകൊണ്ട് മാത്രം അത് അത്രയും ലളിതമായും തോന്നുന്നു. പുറമേക്ക് എപ്പോഴും ഒന്നില്‍ നിന്ന് മറ്റൊന്നെന്ന തരത്തില്‍ തമാശകളിലൂടെ നീങ്ങുമ്പോഴും അവതരിപ്പിക്കാന്‍ കാമ്പുള്ള ചില ജീവിത സാഹചര്യങ്ങളും സത്യസന്ധമായ മുഹൂര്‍ത്തങ്ങളും ഉണ്ടെന്നതാണ് ഹൃദയപൂര്‍വ്വത്തെ വേറിട്ടതാക്കുന്നത്. തമാശ സൃഷ്ടിക്കാനായി ചിത്രം ഒരിക്കലും അതിന്‍റെ പാതയില്‍ നിന്ന് മാറി സഞ്ചരിക്കുന്നുമില്ല.

എല്ലാ വിഭാഗങ്ങളും നന്നായി വരുന്ന സിനിമകളിലൊന്നുമാണ് ഹൃദയപൂര്‍വ്വം. തിരക്കഥ, സംവിധാനം എന്നതിനൊപ്പം അഭിനയം, മ്യൂസിക്, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നീ ഘടകങ്ങളൊക്കെ ചിത്രത്തില്‍ നന്നായി വന്ന് ഫൈനല്‍ പ്രോഡക്റ്റിന്‍റെ ഗുണമേന്‍മ കൂട്ടിയിട്ടുണ്ട്. പല കാലങ്ങളില്‍ ജീവിതഗന്ധിയായ എണ്ണമറ്റ ചിത്രങ്ങള്‍ ഒരുക്കി ഹിറ്റടിച്ചിട്ടുള്ള മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന് മറ്റൊരു കാലത്തും അത് സാധിക്കുന്നു എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. സമീപകാലത്തൊന്നും മലയാളി ബിഗ് സ്ക്രീന്‍ കാണാത്തൊരു മോഹന്‍ലാലിനെയും തന്‍റേതെന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട് മുന്നിലേക്ക് നീക്കിനിര്‍ത്തുന്നുണ്ട്. ഹ്യൂമറും ഇമോഷനും അനേകം അസാധാരണ നിമിഷങ്ങളും പ്രേക്ഷകരുടെ മുന്നില്‍ അനായാസം എത്രയോ വട്ടം വരച്ചിട്ട അതേ മോഹന്‍ലാല്‍.