
കൊച്ചി: വലിയൊരു ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്‍റെ ടീസര്‍ എത്തി.
കോമഡിക്ക് പ്രാധാന്യമുള്ള ഫീല്‍ ഗുഡ് ചിത്രമെന്ന രീതിയിലാണ് 1.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസരില്‍ നിന്നിം സിനിമയെ മനസിലാക്കാൻ കഴിയുക. പൂനെ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ഒരു മറുഭാഷാ പ്രേക്ഷകന്‍റെ ഫഹദ് ഫാസില്‍ റെഫറന്‍സും അതിനോടുള്ള മോഹന്‍ലാലിന്‍റെ പ്രതികരണവുമൊക്കെ ചിരിയുണ്ടാക്കുന്നുണ്ട്.
മോഹന്‍ലാല്‍ – സംഗീത് പ്രതാപ് കോമ്പോയും രസകരമായി തോന്നുന്നു.
ആശിർവാദ് സിനിമാസിൻ്റെ ബാനറില്‍ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധങ്ങളുടെ മാറ്റുരയ്ക്കുന്ന വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സത്യൻ അന്തിക്കാട് എന്ന സംവിധായകൻ്റെ ട്രേഡ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന നർമ്മവും ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലൂടെയും പ്രതീക്ഷിക്കാം.
അഖില്‍ സത്യൻ്റേതാണു കഥ. ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങള്‍ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാല്‍ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ ബിജു തോമസ്, ഫോട്ടോ അമല്‍ സി സദർ.