play-sharp-fill
മഞ്ഞപ്പിത്തം പല അസുഖങ്ങളുടെയും ആദ്യ ലക്ഷണം: ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

മഞ്ഞപ്പിത്തം പല അസുഖങ്ങളുടെയും ആദ്യ ലക്ഷണം: ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

 

തിരുവനന്തപുരം : മഞ്ഞപ്പിത്തം കേവലം ഒരു അസുഖം മാത്രമല്ല പല രോഗങ്ങളുടേയും ലക്ഷണമാണ്. അതിനാൽ മഞ്ഞപ്പിത്തം എന്ത് കൊണ്ട് വന്നൂ എന്നറിഞ്ഞ് മാത്രമേ ചികിത്സിക്കാവൂ.

 

ഹെപ്പറ്റൈറ്റിസ് എ വൈറസ് ശരീരത്തെ ബാധിച്ചാൽ 80-95% കുട്ടികളിലും, 10-25% മുതിർന്നവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. 2 മുതൽ 6 ആഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. പ്രധാനമായും ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചിൽ, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിൽ ആവുക.) എന്നിവയാണ് രോഗ ലക്ഷണങ്ങൾ.

 

ഹെപ്പറ്റൈറ്റിസ്-എ വൈറസ് മനുഷ്യന്റെ കരളിനെ ബാധിക്കുമ്ബോൾ ഉണ്ടാകുന്ന ഒരു രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂർണമായും ഭേദമാക്കാനാകും. അസുഖ ബാധിതർ ധാരാളം വെള്ളം കുടിക്കുകയും, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. അംഗീകൃതമല്ലാത്ത മരുന്നുകളും, ആവശ്യമില്ലാത്ത മരുന്നുകളും ഉപയോഗിക്കുന്നതിലൂടെ കരളിന്റെ പ്രവർത്തനം കൂടുതൽ വഷളായി മരണം വരെ സംഭവിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്തൊക്കെയാണ് പ്രതിരോധ മാർഗങ്ങൾ

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കുക. കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. സെപ്ടിക്ക് ടാങ്കും കിണറും തമ്മിൽ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പു വരുത്തുക. ഭക്ഷണം കഴിക്കുന്നതിന് മുൻപും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.

 

രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. 6 മാസത്തെ ഇടവേളയിൽ 2 ഡോസ് വാക്‌സിൻ എടുത്താൽ ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാൻ സാധിക്കും.