തലയോലപറമ്പിൽ കനത്ത മഴയിൽ പന കടപുഴകി തൊഴുത്തിന് മീതെ വീണു; വീട്ടമ്മയ്ക്കും പശുക്കള്‍ക്കും പരിക്ക്
സ്വന്തം ലേഖിക
തലയോലപറമ്പ്: ശക്തമായ കാറ്റിലും മഴയിലും പന കടപുഴകി തൊഴുത്തിന് മീതെ വീണ് തൊഴുത്തില്‍ പശുവിനെ കറന്നുകൊണ്ടിരുന്ന വീട്ടമ്മയ്ക്കും പശുക്കള്‍ക്കും പരിക്കേറ്റു.
വെള്ളൂര്‍ ഇറുമ്പയം മുതുകുളത്തില്‍ ബാബുവിന്റെ ഭാര്യ ഡെയ്സി (50)ക്കും ഇവരുടെ രണ്ടു പശുക്കള്‍ക്കുമാണ് പരിക്കേറ്റത്. പന കടപുഴകി തൊഴുത്തിനു മീതേക്ക് പതിക്കുന്നതിന്റെ ശബ്ദം കേട്ട ഡെയ്സി പുറത്തേക്ക് ഓടിയതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. അപകടം നടന്ന സമയം ഗൃഹനാഥനായ ബാബുവും മകന് ഡെറിനും സ്ഥലത്തില്ലായിരുന്നു. വീടിനു സമീപത്തു പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പിലുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് പനയ്ക്കടിയില് അകപ്പെട്ട ഡെയ്സിയെയും പശുക്കളെയും രക്ഷിച്ചത്.
തൊഴുത്തു പൂര്‍ണമായി തകര്‍ന്നതോടെ പശുക്കളെ കയറ്റി നിര്‍ത്താന്‍ സ്ഥലമില്ലാതായി. പശുക്കളുടെ പാല് വിറ്റ് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ നിര്‍ധന കുടുംബം ഉപജീവനം നടത്തുന്നത്. തൊഴുത്ത് പുനര്‍നിര്‍മിക്കുന്നതിന് ക്ഷീര വികസന വകുപ്പ് സഹായിക്കണമെന്നാണ് നിര്‍ധന കുടുംബത്തിന്റ ആവശ്യം.