കടബാധ്യതകൾ പരിഹരിക്കാൻ സ്വന്തം വീട്ടിൽ നിന്നും 50 പവനിലധികം മോഷ്ടിച്ചു; സ്വര്‍ണം സൂക്ഷിച്ച അലമാര താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷമാണ് കവര്‍ച്ച നടത്തിയത്; മോഷണം നടന്ന സമയത്ത് ഇയാളുടെ ഫോണ്‍ ഫ്ലൈറ്റ് മോഡിലായിരുന്നതെന്ന കണ്ടെത്തൽ കേസിൽ നിർണായകമായി; കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ നടന്ന മോഷണത്തിൽ പ്രതി വൈദികന്റെ മകൻ

Spread the love

കോട്ടയം: കോട്ടയം പാമ്പാടി കൂരോപ്പടയിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഫാദർ ജേക്കബ് നൈനാൻ എന്ന വൈദികന്‍റെ മകൻ ഷൈനോ നൈനാൻ ആണ് അറസ്റ്റിലായത്. മോഷണം നടത്തിയത് കുടുംബാംഗം തന്നെയെന്ന് പൊലീസിന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു.

video
play-sharp-fill

എന്നാല്‍, മോഷണം നടന്ന സമയത്ത് ഷൈനോയുടെ ഫോണ്‍ ഫ്ലൈറ്റ് മോഡിലായിരുന്നു എന്ന കണ്ടെത്തലാണ് കേസിൽ നിര്‍ണായകമായത്. കടബാധ്യതകൾ പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ പൊലീസിന് മൊഴി നൽകി.

വീട്ടിൽ ആളില്ലാത്ത സമയത്താണ് അൻപത് പവൻ സ്വര്‍ണം വീട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. പ്രാർത്ഥനയ്ക്കായി പള്ളിയിൽ പോയ കുടുംബം വൈകീട്ട് ആറ് മണിയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിലാകെ മുളക് പൊടി വിതറിയ നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്‍റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തുകയും ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ ദുരൂഹത വര്‍ധിച്ചു. ഫോറൻസിക് വിദഗ്ദ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടര്‍ന്നുള്ള അന്വേഷണമാണ് വൈദികന്‍റെ മകൻ ഷൈനോയിലേക്ക് തിരിഞ്ഞത്.

സ്വര്‍ണം സൂക്ഷിച്ച അലമാര താക്കോൽ ഉപയോഗിച്ച് തുറന്ന ശേഷമാണ് കവര്‍ച്ച നടത്തിയത്. താക്കോൽ ഇരിക്കുന്ന സ്ഥലവും മോഷ്ടാവിന് കൃത്യമായി അറിയാമായിരുന്നു. ഫാദര്‍ ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലം പള്ളിയിൽ പ്രാ‍ര്‍ത്ഥനയ്ക്ക് പോകാറുണ്ടെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്നും പൊലീസിന് തുടക്കം മുതലെ സംശയം ഉണ്ടായിരുന്നു.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ശാസ്ത്രീയമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ വളരെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. ഷിനോ നൈനാൻ ജേക്കബ് കൂടുതലായി ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ആളായതിനാല്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇയാളില്‍ നിന്നും സ്വര്‍ണവും പണവും കണ്ടെടുത്തു .

കഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ.ൻ, പാമ്പാടി എസ്. എച്ച്. ഓ പ്രശാന്ത് കുമാർ കെ ആർ, പള്ളിക്കത്തോട് എസ്.എച്ച്. ഓ പ്രദീപ് എസ്, എസ് .ഐ മാരായ ലെബിമോൻ കെ.എസ്, ശ്രീരംഗൻ കെ.ആർ, ജോമോൻ എം. തോമസ്, ബിനോയി എം.എ, രാജേഷ് ജി, എ.എസ്. ഐ പ്രദീപ് കുമാർ, സി.പി.ഓ മാരായ ജയകൃഷ്ണൻ, ഫെർണാണ്ടസ്,സാജു പി മാത്യു, ജിബിൻ ലോബോ,സുനിൽ പി.സി, ജസ്റ്റിൻ, രഞ്ജിത്ത് ജി, സതീഷ് ടി.ജി,സരുൺ രാജ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഷൈനോയുടെ കടബാധ്യതകളെ കുറിച്ച് വിവരം ലഭിച്ചത് നിര്‍ണായമായി. കടബാധ്യത പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ പൊലീസിന് മൊഴി നൽകി.