വീട് ജപ്തി ചെയ്തത് മുന്നറിയിപ്പില്ലാതെ ;ആലപ്പുഴയിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ വീട്ടുമുറ്റത്ത് കുത്തിയിരിപ്പ് സമരവുമായി പിഞ്ചു കുഞ്ഞടക്കമുള്ള കുടുംബം

Spread the love

 

സ്വന്തം ലേഖിക

ചാരുംമൂട് (ആലപ്പുഴ): ആലപ്പുഴയിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ വീട്ടുമുറ്റത്ത് കുത്തിയിരിപ്പ് സമരവുമായി പിഞ്ചു കുഞ്ഞടക്കമുള്ള കുടുംബം . നൂറനാട് മാമ്മൂട് കോണത്തു പടീറ്റതില്‍ ശാലിനി, ഭര്‍ത്താവ് സനല്‍കുമാര്‍ മകള്‍ അനന്യ എന്നിവരടങ്ങുന്ന കുടുംബമാണ് ചുനക്കര നടുവില്‍ രാഗം ഫൈനാന്‍സിയേഴ്സ് ഉടമയുടെ വീട്ടുമുറ്റത്ത് ഇന്നലെ വൈകിട്ട് കുത്തിയിരിപ്പ് സമരം നടത്തിയത്.യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പിഞ്ചു കുഞ്ഞടക്കമുള്ള കുടുംബത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ വീട് ജപ്തി ചെയ്ത് തെരുവിലേയ്ക്ക് ഇറക്കി വിട്ടത്.ഇതിൽ പ്രതിഷേധിച്ചാണ് കുടുംബം വീട്ടുമുറ്റത്ത് കുത്തിയിരിപ്പ് സമരം നടത്തിയത് .

സനൽ കുമാറും കുടുംബവും താമസിച്ചു വന്നിരുന്ന ഭൂമി കാണിച്ച്‌ ഫൈനാന്‍സിയേഴ്സില്‍ നിന്നും പണം എടുത്തിരുന്നു. കുടുംബവകയായിട്ടുള്ള പത്ത് സെന്‍റോളം വരുന്ന ഭൂമി ഇപ്പോള്‍ വിദേശത്തുള്ള കുഞ്ഞമ്മ അനിതയുടെ പേരിലാണുള്ളത്. ശാലിനി ജനിച്ചു വളര്‍ന്നത് ഈ വീട്ടിലാണ്. വിവാഹശേഷവും ഇവര്‍ ഇവിടെ താമസിച്ചു വരികയായിരുന്നു. 75000 രൂപയായിരുന്നു കുഞ്ഞമ്മ അനിത ഭൂമി പണയം വച്ച്‌ വാങ്ങിയിരുന്നത്. പണം എടുക്കാന്‍ ഇടനില നിന്നിരുന്ന സ്ത്രീ 2 ലക്ഷം രൂപ അധികം വാങ്ങിയതായും ഈ വിവരം സ്ഥാപന ഉടമ മറച്ചുവച്ചതായും ശാലിനി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെയാണ് ജപ്തി നടപടകളുമായി ഉദ്യോഗസ്ഥരെത്തിയത്. സ്ഥാപന ഉടമ അടുത്തിടെ മരണപ്പെട്ടതിനാല്‍ മകനായിരുന്നു അധികൃതര്‍ക്കൊപ്പം സഥലത്തു വന്നത്. താത്കാലിക സൗകര്യം ഉണ്ടാക്കും വരെ ഇവിടെ താമസിക്കാന്‍ അനുവദിക്കണമെന്ന തന്റെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം സ്ഥാപന ഉടമയുടെ മകന്‍ കേട്ടില്ലെന്ന് ശാലിനി പറഞ്ഞു. ഇതോടെയാണ് ഫൈനാന്‍സിയേഴ്സ് ഉടമയുടെ വീട്ടുമുറ്റത്ത് പിഞ്ചുകുഞ്ഞുമായി കുടുംബം കുത്തിയിരുന്നത്.