
പത്തനംതിട്ട: വലഞ്ചുഴി കാവ് ജങ്ഷനില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെ ഇലക്‌ട്രിക്, പ്ലംബിംഗ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും മോഷണം നടത്തുകയും ചെയ്ത സംഘത്തിലെ കൗമാരക്കാര്‍ ഉള്‍പ്പെടെ ആറു പേരെ പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി.
വലഞ്ചൂഴി കിഴക്കേടത്ത് ലക്ഷംവീട്ടില്‍ അനു (20), ആദിത്യന്‍ (20), വലഞ്ചുഴി കാരുവേലില്‍ സൂര്യദേവ് (18), മൂന്നു പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരാണ് പിടിയിലായത്. കുമ്പഴ പുതുപ്പറമ്പില്‍ അവിജിത്ത് ജെ. പിള്ളയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ഒന്നിനും പത്തിനുമിടയില്‍ സംഘത്തിന്റെ സാമൂഹികവിരുദ്ധ അഴിഞ്ഞാട്ടം ഉണ്ടായത്.
ഫ്രിഡ്ജ്,മൈക്രോവേവ് ഓവന്‍, 3 എ.സി, വാക്വം ക്ലീനര്‍, പ്രഷര്‍ വാട്ടര്‍ പമ്പ് എന്നിവ നശിപ്പിച്ചു. ഇവയുടെ ഇലക്‌ട്രിക് വയറുകള്‍ വീടിനകത്ത് കൂട്ടിയിട്ട് കത്തിച്ചു. ശുചിമുറിയിലെ ഫിറ്റിങ്ങുകളും തകര്‍ത്തു. നിരവധി സാധനങ്ങള്‍ അടിച്ചു നശിപ്പിച്ച ശേഷം കൂട്ടിയിട്ട് കത്തിച്ച്, അതിന്റെയെല്ലാം ചെമ്പ് കമ്പികള്‍ എടുക്കുകയും അടുക്കള ഉപകരണങ്ങള്‍, വാക്വം ക്ലീനര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തകര്‍ത്ത് അവയുടെ ഇലക്‌ട്രിക് ഭാഗങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. ആകെ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒൻപതിന് രാവിലെ സുഹൃത്ത് പറഞ്ഞപ്പോഴാണ് അവിജിത്ത് വിവരം അറിയുന്നത്. 70 സെന്റ് സ്ഥലത്ത് 8000 ചതുരശ്ര അടിയില്‍ മൂന്നുനില കെട്ടിടം 10 വര്‍ഷം മുൻപാണ് നിര്‍മാണം തുടങ്ങിയത്. മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയിലാണ്. മുറിക്കുള്ളില്‍ പെയിന്റ് വാരി തേച്ചും ചിത്രങ്ങള്‍ വരച്ചും വികൃതമാക്കിയിരുന്നു.
പരാതിയില്‍ കേസെടുത്ത പോലീസ്, ഫോറെന്‍സിക് സംഘത്തെയും ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.