ബോട്ടിലെ സിസിടിവി ക്യാമറ ഓഫ് ചെയ്തു; സഞ്ചാരികള്‍ നീന്താൻ പോയ സമയം മുറിയില്‍ കടന്നു കയറി മോഷണം; വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച കേസിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റില്‍

Spread the love

ആലപ്പുഴ: ചമ്പക്കുളത്ത് ഹൗസ് ബോട്ട് ജീവനക്കാരൻ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി.

video
play-sharp-fill

തകഴി ചെറയകം സ്വദേശി അഭിലാഷ് കെ (40) ആണ് നെടുമുടി പൊലീസിന്‍റെ പിടിയിലായത്. മാർച്ച്‌ 21-ന് അർജന്‍റിനയില്‍ നിന്നുള്ള 15 അംഗ വിനോദ സഞ്ചാര സംഘം ചമ്പക്കുളത്തെ റിസോർട്ടില്‍ താമസിക്കാനെത്തിയിരുന്നു. ഇവർ റിസോർട്ടിലെ സ്വിമ്മിംഗ് പൂളില്‍ പോയ സമയം നോക്കി, ബോട്ടിലെ സിസിടിവി ക്യാമറകള്‍ ബോധപൂർവ്വം ഓഫ് ചെയ്ത ശേഷമാണ് അഭിലാഷ് മുറിയില്‍ കടന്ന് പണം അപഹരിച്ചത്.

വിദേശ വനിതയുടെ ബാഗില്‍ നിന്ന് 1600 ഡോളറാണ് ഇയാള്‍ മോഷ്ടിച്ചത്. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടൻ വിനോദ സഞ്ചാരികള്‍ നെടുമുടി സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോട്ടിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ചോദ്യം ചെയ്തതില്‍ അഭിലാഷിന്‍റെ മൊഴികളിലെ വൈരുധ്യം പൊലീസിന് സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

മോഷ്ടിച്ച ശേഷം ഒളിപ്പിച്ചു വെച്ചിരുന്ന പണം പൊലീസ് സുരക്ഷിതമായി വീണ്ടെടുത്തു. അമ്പലപ്പുഴ ഡിവൈഎസ് പി രാജേഷ് കെ, നെടുമുടി സി ഐ നൗഫല്‍ എ എന്നിവരുടെ മേല്‍നോട്ടത്തില്‍ സബ് ഇൻസ്പെക്ടർ ബിനോയി എം എ, ഗ്രേഡ് എസ് ഐ സുധി വി പി, എ എസ് ഐ ഷൈനിമോള്‍, സീനിയർ സി പി ഒ അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് തെളിയിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.