
കോട്ടയം: കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിയിലൂടെ ജില്ലയില്‍ ഒൻപത് വർഷത്തിനുള്ളില്‍ നിർമിച്ചത് 16,937 വീടുകള്‍.
ഇതിനായി സർക്കാർ ചെലവഴിച്ചത് ഒൻപത് നിയമസഭാ മണ്ഡലങ്ങളിലുമായി 940.93 കോടി രൂപയാണ്. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 3048 വീടുകള്‍ക്കായി 119.74 കോടി, വൈക്കത്തെ 2865 വീടുകളുടെ നിർമാണത്തിനായി 109.65 കോടി, 1913 വീടുകള്‍ക്കായി പാലാ മണ്ഡലത്തില്‍ 146.93 കോടി, ഏറ്റുമാനൂർ മണ്ഡലത്തില്‍ 1868 വീടുകള്‍ക്കായി 77.60 കോടി, കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ 1824 വീടിനായി 146.01 കോടിയുമാണ് വിനിയോഗിച്ചത്.
കടുത്തുരുത്തി മണ്ഡലത്തില്‍ 1676 വീടുകള്‍ നിർമ്മിക്കുന്നതിനായി 62.70 കോടി രൂപയും പുതുപ്പള്ളിയിലെ 1216 വീടുകള്‍ക്കായി 54.55 കോടിയും ചങ്ങനാശേരി നിയോജക മണ്ഡത്തിലെ 1159 വീടുകള്‍ക്കായി 146.01 കോടിയും സർക്കാർ ചെലവഴിച്ചു. ഭൂരഹിതർക്ക് ഭവനനിർമാണത്തിന് ഭൂമി വാങ്ങുന്നതിനായി ഒൻപത് മണ്ഡലങ്ങളിലായി 1927 ഉപയോക്താക്കള്‍ക്ക് 38.57 കോടി രൂപ സർക്കാർ നല്‍കി. കാഞ്ഞിരപ്പള്ളി; 390 പേർക്ക് 7.98 കോടി, പൂഞ്ഞാർ;372 പേർക്കായി 7.5 കോടി, പാലാ;256 പേർക്കായി 4.8 കോടി, പുതുപ്പള്ളി; 267 പേർക്കായി 5.49 കോടി, ചങ്ങനാശേരി; 187 പേർക്കായി 3.5 കോടി, ഏറ്റുമാനൂർ; 160 പേർക്കായി 3.21 കോടി, കടുത്തുരുത്തി;157 പേർക്കായി 3.16 കോടി, കോട്ടയം; 73 ഗുണഭോക്താക്കള്‍ക്കായി 1.48 കോടി, വൈക്കം: 65 പേർക്കായി 1.3 കോടി എന്നിങ്ങനെയാണ് സർക്കാർ ചെലവഴിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group