
സ്വന്തം ലേഖിക
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പെയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തെരഞ്ഞടുത്തത്. അതില്‍ ഇതുവരെ 519 ഹോട്ടലുകള്‍ക്കാണ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം 5, കൊല്ലം 36, പത്തനംതിട്ട 19, ആലപ്പുഴ 31, കോട്ടയം 44, ഇടുക്കി 20, എറണാകുളം 57, തൃശ്ശൂര്‍ 59, പാലക്കാട് 60, മലപ്പുറം 66, കോഴിക്കോട് 39, വയനാട് 12, കണ്ണൂര്‍ 46, കാസര്‍ഗോഡ് 25 എന്നിങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ബാക്കിയുള്ളവ പരിശോധനകളുടെ വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറഞ്ഞു.
ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പ് പുതുതായി സജ്ജമാക്കുന്ന ആപ്പിലൂടെയും തൊട്ടടുത്ത് സര്‍ട്ടിഫിക്കറ്റുകളുള്ള ഹോട്ടലുകളറിയാന്‍ സാധിക്കും. ഇതിലൂടെ പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങളേതെന്ന് കണ്ടെത്താന്‍ കഴിയുന്നതാണ്.
പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള റേറ്റിംഗാണ് നല്‍കുന്നത്. കടകള്‍ വലുതോ ചെറുതോ എന്നതല്ല സുരക്ഷിതമായ ഭക്ഷണവും വൃത്തിയുള്ള സാഹചര്യവുമാണ് വളരെ പ്രധാനം.
വൃത്തിയോടൊപ്പം നാല്‍പ്പതോളം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് റേറ്റിംഗ് നല്‍കുന്നത്. ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ ഗ്രീന്‍ കാറ്ററിയിലും ഫോര്‍ സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ ബ്ലൂ കാറ്റഗറിയിലും ത്രീ സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ യെല്ലോ കാറ്റഗറിയിലുമാണ് വരിക. ത്രീ സ്റ്റാറിന് താഴെയുള്ളവര്‍ക്ക് റേറ്റിംഗ് നല്‍കുന്നതല്ല.