
കോട്ടയം നഗരത്തിൽ ഭക്ഷണവിതരണം വൈകിട്ട് ഏഴുവരെയാക്കി: മൊത്തവിതരണ മാർക്കറ്റുകളിൽ പ്രവർത്തന നിയന്ത്രണം ഏർപ്പെടുത്തി; കൊറോണയെ പ്രതിരോധിക്കാനൊരുങ്ങി കോട്ടയം
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരത്തിൽ തന്നെ രണ്ടു പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം അതീവ ജാഗ്രതയിൽ. ഇതിന്റെ ഭാഗമായി കോട്ടയം നഗരത്തിലെ പച്ചക്കറി മൊത്ത വിതരണ സ്ഥാപനങ്ങളിൽ നിയന്ത്രണം ശക്തമാക്കി. എന്നാൽ, റംസാൻ മാസം പ്രമാണിച്ച് ജില്ലയിലെ ഭക്ഷ്യവിതരണ സ്ഥാപനങ്ങൾക്കു വൈകിട്ട് ഏഴു വരെ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ഹോട്ട് സ്‌പോട്ടുകൾ ഒഴികെയുള്ള ജില്ലയിലെ സ്ഥലങ്ങളിലെ ഭക്ഷ്യവിതരണ സ്ഥാപനങ്ങൾക്കാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.
റമദാൻ വ്രതകാലം ആരംഭിച്ചതു പരിഗണിച്ച് കോട്ടയം ജില്ലയിലെ ഭക്ഷ്യവസ്തു നിർമാണ, വിൽപ്പന, വിതരണ കേന്ദ്രങ്ങൾക്ക് ഏപ്രിൽ 25 മുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ മൊത്ത വ്യാപാര മാർക്കറ്റുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന മൊത്ത വ്യാപാരികൾ, ലോറി ഉടമകൾ, തൊഴിലാളി യൂണിയനുകൾ എന്നിവയുടെ പ്രതിനിധികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
കോട്ടയം മാർക്കറ്റിലെ ലോഡിംഗ് തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗം ചേർന്നത്. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനിൽ ഉമ്മൻ, ലേബർ ഓഫീസർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
മാർക്കറ്റുകളുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനങ്ങൾ
——-
കഴിഞ്ഞ ദിവസം അടപ്പിച്ച കോട്ടയം മാർക്കറ്റ് സാഹചര്യങ്ങൾ വിലയിരുത്തിയതിനു ശേഷം തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.
എല്ലാ മാർക്കറ്റുകളിലും പച്ചക്കറികൾ പുലർച്ചെ നാലു മുതലും പലവ്യഞ്ജനങ്ങൾ ആറു മുതലുമാണ് ഇറക്കേണ്ടത്.
മാർക്കറ്റുകളിൽ ഹെൽപ്പ് ഡെസ്‌കുകൾ തുറക്കണമെന്ന നിർദേശം നടപ്പാക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.
ലോഡ് ഇറക്കുന്നതിന് നിയോഗിക്കുന്ന തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.
ലോറി തൊഴിലാളികളും കയറ്റിറക്ക് തൊഴിലാളികളും വ്യാപാരികളും നിർബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും വേണം.
എല്ലാ കടകളിലും ലോറികളിലും സാനിറ്റൈസർ കരുതുകയും തൊഴിലാളികൾക്ക് ഉപയോഗിക്കാനായി നൽകുകയും വേണം. ഇതിന് കടയുടമകൾ നടപടി സ്വീകരിക്കണം.
??ലോറി തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണം പൊതിയായി കടയുടമകൾ ലഭ്യമാക്കണം. യാതൊരു കാരണവശാലും ലോറിത്തൊഴിലാളികൾ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കരുത്. ലോഡ് ഇറക്കികഴിഞ്ഞാലുടൻ ലോറികൾ മാർക്കറ്റുകളിൽനിന്ന് പുറത്തുപോകണം.
ലോറി തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സ്ഥലവും ശുചിമുറികളും ക്രമീകരിക്കുകയും ഓരോരുത്തരും ഉപയോഗിച്ച ശേഷം ഇവ അണുനശീകരണം നടത്തുകയും ചെയ്യണം. ശുചിമുറികളുടെ മുൻവശത്ത് വിവിധ ഭാഷകളിൽ ശുചിത്വ നിർദ്ദേശങ്ങൾ പ്രദർശിപ്പിക്കണം.
തൊഴിലാളികൾക്കിടയിൽ കോവിഡ് പ്രതിരോധ ബോധവത്കരണം ഊർജ്ജിതമാക്കും.
ജില്ലയിൽ സർവീസ് നടത്തുന്ന അന്തർ സംസ്ഥാന ലോറികളിൽ പ്രവർത്തിക്കുന്ന കേരളത്തിൽനിന്നുള്ള ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിക്കും.