play-sharp-fill
മൂക്കുമുട്ടെ ഭക്ഷണം കഴിക്കും: പണം ചോദിച്ചാൽ നിലവാരമില്ലന്ന് പറഞ്ഞ് ഉടക്കും; തട്ടിപ്പുകാർ കുടുങ്ങിയത് ഹോട്ടലുകാരുടെ സംശയത്തിൽ

മൂക്കുമുട്ടെ ഭക്ഷണം കഴിക്കും: പണം ചോദിച്ചാൽ നിലവാരമില്ലന്ന് പറഞ്ഞ് ഉടക്കും; തട്ടിപ്പുകാർ കുടുങ്ങിയത് ഹോട്ടലുകാരുടെ സംശയത്തിൽ

സ്വന്തം ലേഖകൻ

കൊച്ചി: ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മുങ്ങുന്ന തട്ടിപ്പ് സംഘം തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും പിടിയിൽ. ഭക്ഷണം കഴിക്കാതെ തട്ടിപ്പ് നടത്തുന്നത് കൂടാതെ ഹോട്ടലുകളിൽ നിന്ന് അനധികൃത പണപ്പിരിവ് നടത്തുക കൂടി ചെയ്തതോടെയാണ് തട്ടിപ്പ് സംഘം പൊലീസിന്റെ പിടിയിലായത്. സിനിമാസ്റ്റയിലില്‍ ഹോട്ടലുകളില്‍ ചെന്ന് പണപിരിവ് നടത്തുകയും കഴിച്ച ഭക്ഷണത്തിന്റെ കാശ് ചോദിച്ചാല്‍ ഭക്ഷണത്തിന് നിലവാരമില്ലെന്ന് പറയുകയും ചെയ്യുന്ന സംഘത്തെയാണ് കൊച്ചിയിൽ പിടികൂടിയത്. എറണാകുളത്തെ ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ചെന്ന് നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തി വന്നിരുന്ന നോര്‍ത്ത് പറവൂര്‍ സ്വദേശി വലിയ കുളങ്ങര വീട്ടില്‍ ജോഷി (54), പനങ്ങാട് മാടവന സ്വദേശി കുണ്ടം പറമ്പില്‍ വീട്ടില്‍ ഹഷീര്‍ (44) എന്നിവരാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ അറേബ്യന്‍ ഹോട്ടലുടമ പരീതിന്റെ പരാതിയില്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികള്‍ ഇപ്പോള്‍ പിടിയിലായത്. ഇവര്‍ ഇടയ്ക്കിടെ ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിക്കുകയും പൈസ കൊടുക്കാതെ പോകുകയും പതിവായിരുന്നു. പൈസ ചോദിച്ചാല്‍ ഭക്ഷണം നിലവാരം കുറവാണെന്നോ അല്ലെങ്കില്‍ മാലിന്യം കാനയില്‍ ഒഴുക്കുന്നതിനെതിരെ കോര്‍പ്പറേഷനില്‍ പരാതി കൊടുത്തു സ്ഥാപനം പൂട്ടിക്കും തുടങ്ങിയ പലവിധ ഭീഷണി കളാണ് ഇവര്‍ നടത്തിവന്നിരുന്നത്.
തിരക്കുള്ള സമയങ്ങളില്‍ സ്ഥാപനത്തില്‍ വന്നു ബഹളം വെക്കുന്നത് ഒഴിവാക്കാന്‍ മിക്കവരും പൈസ കൊടുത്തു ഇവരെ ഏത് വിധേനയും ഒഴിവാക്കി വിടുകയാണ് പതിവ്. കഴിഞ്ഞ ഓഗസ്റ്റ് 27 ന് ഇവര്‍ വന്നു പണം ആവശ്യപ്പെടുകയും ആ സമയം ഹോട്ടലില്‍ ഉണ്ടായിരുന്ന ഉടമ പണം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തെങ്കിലും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും തുടർന്നു ഹോട്ടല്‍ പൂട്ടിക്കും എന്ന് ഭീഷണി മുഴക്കി സ്ഥലം വിടുകയുമായിരുന്നു. തുടര്‍ന്നാണ് ഹോട്ടലുടമ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.