play-sharp-fill
ടോക്കണില്ലാതെ ബ്ലാക്കിൽ മദ്യവിൽപ്പന: കോട്ടയം നഗരമധ്യത്തിലെ അഞ്ജലി പാർക്ക് ഹോട്ടൽ അടച്ചു പൂട്ടിച്ചു; ലോക്ക് ഡൗൺ കാലത്ത് അനധികൃത മദ്യവിൽപ്പന നടത്തിയതിനും അഞ്ജലി പാർക്കിനെതിരെ പരാതി

ടോക്കണില്ലാതെ ബ്ലാക്കിൽ മദ്യവിൽപ്പന: കോട്ടയം നഗരമധ്യത്തിലെ അഞ്ജലി പാർക്ക് ഹോട്ടൽ അടച്ചു പൂട്ടിച്ചു; ലോക്ക് ഡൗൺ കാലത്ത് അനധികൃത മദ്യവിൽപ്പന നടത്തിയതിനും അഞ്ജലി പാർക്കിനെതിരെ പരാതി

തേർഡ് ഐ ബ്യൂറോ

കോട്ടയം: സർക്കാർ അംഗീകരിച്ച ബെവ് ക്യൂ ആപ്പിൽ നിന്നുള്ള ടോക്കണില്ലാതെ മദ്യവിൽപ്പന നടത്തിയ കോട്ടയം നഗരമധ്യത്തിലെ അഞ്ജലി പാർക്ക് ഹോട്ടൽ അടച്ചു പൂട്ടി. ടോക്കൺ വാങ്ങാതെ ആളുകൾക്കു മദ്യം വൻ തോതിൽ വിൽക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തി അഞ്ജലി പാർക്ക് ഹോട്ടൽ അടച്ചു പൂട്ടിച്ചത്.

നേരത്തെ ലോക്ക് ഡൗൺ സമയത്ത് അഞ്ജലി പാർക്കിൽ നിന്നും ബ്ലാക്കിൽ മദ്യം വിൽക്കുന്നതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അന്ന് കൃത്യമായ തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്നതിന്റെ അടിസ്ഥാനത്തിൽ അഞ്ജലി പാർക്കിനെതിരെ നടപടിയുണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ ബാറിൽ നിന്നും ബില്ലില്ലാതെ മദ്യം വിൽക്കുന്നതായി എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ടോക്കണില്ലാതെ എത്തുന്നവർക്കു വൻ തോതിൽ മദ്യം വിതരണം ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് ഉച്ചയോടെ എക്‌സൈസ് സംഘം സ്ഥലത്ത് എത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ മദ്യം ബ്ലാക്കിൽ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് ബാർ അടച്ചു പൂട്ടാൻ അഞ്ജലി പാർക്കിനു നിർദേശം നൽകിയത്.

മദ്യം ടോക്കണില്ലാതെ അനധികൃതമായി വിറ്റതായി കണ്ടെത്തിയാൽ അഞ്ജലി പാർക്കിനെതിരെ നിയമനടപടികൾ ഉണ്ടാകും. ഹോട്ടലിനെതിരെ നിലവിൽ നിരവധി ആരോപണങ്ങൾ നിലവിലുണ്ട്. സർക്കാർ നിർദേശം ലംഘിച്ചു മദ്യം വിതരണം ചെയ്ത സാഹചര്യത്തിൽ ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേയ്ക്കു ആവശ്യമെങ്കിൽ എക്‌സൈസ് വകുപ്പിനു കടക്കാൻ സാധിക്കും.

കോട്ടയം നഗരത്തിലെ ഐക്കൺ ബാറിലും സമാന രീതിയിൽ അനധികൃതമായി ടോക്കണില്ലാത്തവർക്കു മദ്യം വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂരിലും, എരുമേലിയിലുമുള്ള രണ്ടു ബാറുകളിലും സമാന രീതിയിൽ മദ്യം വിതരണം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിജിലൻസും പൊലീസും പരിശോധന കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.