
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ക്ഷാമവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും രൂക്ഷമാണെന്നു റിപ്പോർട്ട്. എല്ലാ ആശുപത്രികളിലും മരുന്നുക്ഷാമം ഉണ്ട്. മതിയായ ഉപകരണങ്ങൾ ഇല്ല. അറ്റകുറ്റപ്പണികൾ സമയത്തു നടത്താത്തതിനാൽ ഡയാലിസിസ് ഉപകരണങ്ങൾ ഉൾപ്പെടെ നശിക്കുന്നുണ്ട്.
ജൂലൈ 3നു കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം ഇടിഞ്ഞുവീണു തലയോലപ്പറമ്പ് സ്വദേശി ബിന്ദു (52) മരിച്ച സംഭവത്തെത്തുടർന്ന് ഹൈക്കോടതിയിൽ പൊതുതാൽപര്യഹർജി ഫയൽ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രികളിലെ തൽസ്ഥിതി പരിശോധിക്കാൻ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയെ (കെൽസ) ചുമതലപ്പെടുത്തി.
ഇവർ നിയോഗിച്ച സംഘമാണ് മെഡിക്കൽ കോളജുകൾ മുതൽ ഡിസ്പെൻസറി വരെയുള്ള ചികിത്സാലയങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തിയത്.മോഡേൺ മെഡിസിൻ (അലോപ്പതി) ആശുപത്രികൾക്കു പുറമേ ആയുർവേദം, ഹോമിയോ, യുനാനി, സിദ്ധ ചികിത്സാ കേന്ദ്രങ്ങളിലും മരുന്നുക്ഷാമം ഉൾപ്പെടെ പലവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവനക്കാരുടെ കുറവിനും കെട്ടിടങ്ങളുടെ ബലക്ഷയത്തിനും പുറമേ ആശുപത്രികളിലെ വൃത്തിഹീനമായ അന്തരീക്ഷം മുതൽ വീൽചെയറുകളുടെ അഭാവം വരെ അക്കമിട്ടു നിരത്തുന്ന റിപ്പോർട്ട് ഉടൻ ഹൈക്കോടതി പരിഗണിക്കും.
കോട്ടയം മെഡിക്കൽ കോളജിൽ മരുന്നുക്ഷാമം കണ്ടെത്തി. രോഗികൾക്കുവേണ്ടി വിവിധ സ്കീമുകൾ ഉണ്ടെങ്കിലും മതിയായ ഫണ്ട് ഇല്ല. ഭരണപരമായ അനുമതികൾക്കു വലിയ കാലതാമസം നേരിടുന്നുണ്ട്. ഇടുക്കി മെഡിക്കൽ കോളജിൽ ആംബുലൻസ്, എംആർഐ സ്കാനിങ്, ബ്ലഡ് ബാങ്ക്, ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെ സകലതിനും ക്ഷാമമെന്നാണു കണ്ടെത്തൽ.



