video
play-sharp-fill
ഡ്യൂപ്ലിക്കേറ്റ് സിം, ഒ.ടി.പി ട്രാന്‍സാക്ഷന്‍; ആശുപത്രിയുടെ അക്കൗണ്ട് ഹാക് ചെയ്ത് തട്ടിയത് 11 ലക്ഷം രൂപ; രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികൾ അറസ്റ്റിൽ

ഡ്യൂപ്ലിക്കേറ്റ് സിം, ഒ.ടി.പി ട്രാന്‍സാക്ഷന്‍; ആശുപത്രിയുടെ അക്കൗണ്ട് ഹാക് ചെയ്ത് തട്ടിയത് 11 ലക്ഷം രൂപ; രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികൾ അറസ്റ്റിൽ

സ്വന്തം ലേഖിക

സുല്‍ത്താന്‍ബത്തേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പതിനൊന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള ബറാസത്ത് സ്വദേശികളായ ഷൊറാബ് ഹുസൈന്‍ (42 ), തപോഷ് ദേബ്നാഥ് (40) എന്നിവരെയാണ് വയനാട് സൈബര്‍ ക്രൈം ടീം ബംഗാളില്‍ നിന്നും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം പിന്‍വലിക്കുന്നതിന് ഒ.ടി.പി ലഭിക്കുന്നതിനായി ആശുപത്രിയുടെ എക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന സിം കാര്‍ഡിന്റെ ഡൂപ്ലിക്കേറ്റ് എറണാകുളം ബി.എസ്.എന്‍ എല്‍ കസ്റ്റമര്‍ സര്‍വ്വീസ് സെന്ററില്‍ നിന്നും ഉടമയുടെ വ്യാജ ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ച്‌ കരസ്ഥമാക്കിയിരുന്നു.

പിന്നീട് പ്രതികള്‍ ഹാക്കിംഗ് വഴി നേടിയ അക്കൗണ്ട് ഉടമയുടെ വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ച്‌ ഇന്റര്‍നെറ്റ് ട്രാന്‍സാക്ഷന്‍ വഴിയാണ് പണം പശ്ചിമ ബംഗാളിലെ വിവിധ അക്കൗണ്ടിലേക്ക് മാറ്റി എ.ടി.എം വഴി പിന്‍വലിച്ചത്.

കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസത്തോളം തുടര്‍ച്ചയായി അന്വേഷണം നടത്തിയ സൈബര്‍ പോലീസിന് 150-ഓളം സിം കാര്‍ഡുകളും 50-ഓളം ഫോണുകളും അനേകം ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച്‌ നടത്തുന്ന വലിയ സൈബര്‍ സാമ്പത്തിക തട്ടിപ്പാണ് ഇതെന്ന് മനസിലായി. എല്ലാ ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച്‌ നേടിയെടുത്തതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിക്കുന്നത് ഇപ്പോള്‍ പിടിയിലായ തപോഷ് ദേബ്നാഥ് എന്നയാള്‍ ആണെന്നും സൂചന ലഭിച്ച പൊലീസ് വെസ്റ്റ് ബംഗാളിലെ ബറാസത്ത് എന്ന സ്ഥലത്തെത്തി ഒരാഴ്ച്ചയോളം അന്വേഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിക്കുന്നയാള്‍ കൂടിയായിരുന്നു തപോഷ് എന്ന് അന്വേഷണത്തില്‍ പൊലീസിന് മനസിലായി.

ഇയാളാണ് ആശുപത്രിയുടെ പേരിലുള്ള സിം കാര്‍ഡിന്റെയും പണം മാറ്റിയ അക്കൗണ്ടിന്റെയും തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിര്‍മിച്ചത്. ഇയാളില്‍ നിന്നും തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിക്കാനുപയോഗിച്ച കംപ്യൂട്ടറുകളും പ്രിന്ററും പോലീസ് പിടിച്ചെടുത്തു.

പ്രതിയില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഹൗറയില്‍ നിന്നും തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഷൊറാബ് ഹുസൈനെ പിടികൂടിയത്. ഇയാളില്‍ നിന്നും നൂറുക്കണക്കിന് വ്യാജ ആധാര്‍ കാര്‍ഡുകള്‍, പാന്‍കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, വെസ്റ്റ് ബംഗാള്‍ ഗവണ്‍മെന്റിന്റെ വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകള്‍, എന്നിവ പിടിച്ചെടുത്തു.