
മംഗളവനം മുതൽ ദർബാർ ഹാൾ വരെയുള്ള പ്രദേശങ്ങളെ സൈലന്‍റ് സോണാക്കി മാറ്റുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ; കൊച്ചി കോർപ്പറേഷനുമായി സഹകരിച്ച് തയ്യാറാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം
കൊച്ചി: കൊച്ചി നഗരത്തിന്‍റെ ഹൃദയഭാഗമായ മംഗളവനം മുതൽ ദർബാർ ഹാൾ വരെയുള്ള പ്രദേശങ്ങളെ സൈലന്‍റ് സോണാക്കി മാറ്റുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഹൈക്കോടതി, വിവിധ കലാലയങ്ങൾ, ജനറൽ ആശുപത്രി തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന ഈ ഭാഗത്ത് വാഹന ഹോൺ നിരോധിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൊച്ചി കോർപ്പറേഷനുമായി സഹകരിച്ച് തയ്യാറാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകും. അതേസമയം, എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന്‍റെ നവീകരണം വേഗത്തിലാക്കുമെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ ഭൂഗർഭ പമ്പുകളും അത്യാധുനിക പമ്പുകളും ഉൾപ്പെടുന്ന ഡിസൈനാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
വൈപ്പിനിൽ നിന്നുള്ള ബസുകൾക്ക് എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നതിനുള്ള വിലക്ക് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ന് സെക്രട്ടേറിയറ്റിൽ ഉന്നതതല യോഗം ചേരും. എറണാകുളത്തേക്ക് വരുന്ന ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും എൻഎച്ച് 66 ദേശീയപാതയിലെ റോഡ് നിർമ്മാണത്തെ തുടർന്നുണ്ടാകുന്ന ഗതാഗത കുരുക്കിൽ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അരൂക്കുറ്റി – കൊച്ചി റൂട്ടിൽ ഉടൻ തന്നെ പ്രത്യേക ബോട്ട് സർവീസ് ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ബോട്ട് ജെട്ടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. യഥാക്രമം 100, 75 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രണ്ട് കറ്റാമറൈൻ ബോട്ടുകളും അഞ്ച് ഡിങ്കി ബോട്ടുകളുമാണ് ജലഗതാഗത വകുപ്പ് പുതുതായി വാങ്ങിയിട്ടുള്ളത്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്‍റേതാണ് തോടുകളിലേയും മറ്റും ചളി നീക്കം ചെയ്യുന്നതിനുള്ള സിൽറ്റ് പുഷർ മെഷീൻ.