സോഷ്യൽ മീഡിയയിലൂടെ 63 കാരനെ ഹണി ട്രാപ്പിൽ പെടുത്തി, രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു
തൃശ്ശൂർ: 63 വയസുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി.
കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരാണ് തൃശൂർ ടൗൺ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. തട്ടിപ്പിനിരയായി പണം നഷ്ടമായ തൃശ്ശൂർ പൂങ്കുന്നം സ്വദേശി പരാതിയുമായി പൊലീസിനെ സമീപിച്ചതിന് പിന്നാലെയാണ് പൊലീസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്
രണ്ട് വർഷം മുമ്പാണ് യുവതി 63 വയസുകാരനുമായി സോഷ്യൽ മീഡിയയിലൂടെ പരിചയത്തിലായത്. അവിവാഹിതയായ യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം സ്ഥാപിച്ചു. ബന്ധം ശക്തമായതോടെ പിന്നീട് പല തവണയായി ഇയാളിൽ നിന്ന് യുവതി പണം വാങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറേ നാൾ കഴിഞ്ഞ് പണം കിട്ടാതയതോടെ പിന്നീട് ഭീഷണിയായി. ഇത് സഹിക്കാനാവാതെ വന്നപ്പോഴാണ് 63കാരൻ പരാതിയുമായി തൃശ്ശൂർ വെസ്റ്റ് പൊലീസിനെ സമീപിച്ചത്.
തൃശ്ശൂർ സിറ്റി എസിപിയുടെ പ്രത്യേക സ്ക്വാഡും, വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംയുക്തമായാണ് യുവതിക്കായി അന്വേഷണം നടത്തിയത്. ഒടുവിൽ കൊല്ലം അഞ്ചാലുംമൂട്ടിലെ വീട്ടിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. 63കാരനിൽ നിന്ന് ഹണിട്രാപ്പിലൂടെ വാങ്ങിയെടുത്ത പണം കൊണ്ട് ഇവർ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
60 പവനിലധികം സ്വർണാഭരണങ്ങളും മൂന്ന് ആഡംബര കാറുകളും ഒരു ജീപ്പും ഒരു ബൈക്കും ഹണിട്രാപ്പിൽ നിന്ന് കിട്ടിയ പണം കൊണ്ട് ഇവർ വാങ്ങി. ഇവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കൊല്ലത്തു നിന്ന് തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. വേറെയും തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.