
തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് പൂജയ്ക്ക് എത്തിയ ബെംഗളൂരു സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില് വഴിത്തിരിവ്.
ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ മരുമകൻ ടി.എ.അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്നാണു പൊലീസ് കണ്ടെത്തൽ. നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത അരുണിനെ ജാമ്യത്തിൽ വിട്ടിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അരുണിനെ കുടുക്കിയതാണെന്ന് വ്യക്തമായത്.
കേസിൽ ബെംഗളൂരു സ്വദേശിനിയും മസാജ് പാർലർ ജീവനക്കാരിയുമായ രത്ന ഉൾപ്പെടെ 5 പേരെ ബാനസവാടി പൊലീസ് അറസ്റ്റ് ചെയ്തു. രത്നയുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശിയും ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിപ്പുകാരനുമായ ശരത് മേനോൻ, ഇയാളുടെ സഹായി സജിത്ത്, ആലം എന്നിവരാണ് അറസ്റ്റിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് തങ്ങളുടെ ബന്ധു ഇവരെ വച്ച് അരുണിനെ കുടുക്കിയതെന്ന് മാനേജിങ് ട്രസ്റ്റി ആരോപിച്ചു. ജൂൺ 16നു രത്ന നൽകിയ പീഡന പരാതിയിലാണ് ബെംഗളൂരു പൊലീസ് അരുണിനെ അറസ്റ്റ് ചെയ്തത്.
ദേവസ്ഥാനത്തിനു സമീപത്തെ മുറിയിൽ അരുൺ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തെളിവായി ഫോൺ സംഭാഷണങ്ങളും വാട്സാപ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും രത്ന പൊലീസിനു കൈമാറിയിരുന്നു.
ഇതിനു പിന്നാലെ, അരുണിനെ ആസൂത്രിതമായി ഹണിട്രാപ്പിൽ കുടുക്കിയതാണെന്ന പരാതിയുമായി കുടുംബം ആഭ്യന്തരമന്ത്രി ജി.പരമേശ്വരയ്ക്കു പരാതി നൽകി. കേസിൽ നിന്ന് ഒഴിവാക്കാൻ ബെംഗളൂരു പൊലീസ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നും പരാതി ഉന്നയിച്ചു.
തുടർന്നു നടന്ന അന്വേഷണത്തിലാണു ശരത് മേനോനും കൂട്ടാളികളും ചേർന്നു രത്നയെ ഉപയോഗിച്ച് അരുണിനെ കുടുക്കിയതിനു തെളിവു ലഭിച്ചത്. 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും 8 ലക്ഷം രൂപ മാത്രമാണു ലഭിച്ചതെന്ന് രത്ന മൊഴി നൽകിയിട്ടുണ്ട്.
ബന്ധുവായ കെ.വി.പ്രവീൺ ആണ് തങ്ങളെ കുടുക്കാൻ പദ്ധതി ആസൂത്രണം നടത്തിയതെന്നാണ് ഉണ്ണി ദാമോദരനും മകൾ ഉണ്ണിമായയും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഉണ്ണി ദാമോദരന്റെ അധികാരം ചോദ്യം ചെയ്ത് സഹോദരങ്ങളും മക്കളും നൽകിയ പരാതികൾ കോടതിയിൽ ഉണ്ട്. സഹോദരങ്ങൾക്കെതിരെ വധശ്രമത്തിനും അന്തിക്കാട് പൊലീസിൽ കേസ് ഉണ്ട്