പരിചയപ്പെടുന്നവരെല്ലാം ശ്രുതിയുടെ വലയില്‍ കുടുങ്ങും ; തുടർന്ന് ഹണിട്രാപ്പിലൂടെ പണവും സ്വർണവും തട്ടിയെടുക്കും ; ഇരകളുടെ പരാതിയില്‍ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയെല്ലാം വ്യാജ പീഡനപരാതി നൽകി കുടുക്കും ; തട്ടിപ്പുകള്‍ക്കിരയായവരില്‍ പൊലീസ് ഉദ്യോഗസ്ഥർ വരെ ; യുവതിയ്‌ക്കെതിരെ കേസെടുത്തതോടെ ഇരകളില്‍ പലരും പുറത്തുവരുമെന്ന് സൂചന
സ്വന്തം ലേഖകൻ
കാസർഗോഡ്: പരിചയപ്പെടുന്നവരെല്ലാം ശ്രുതിയുടെ വലയില്‍ കുടുങ്ങും ആകർഷകമായ വ്യക്തിത്വമുള്ള വിദ്യാസമ്പന്നയെന്നു തോന്നിക്കുന്ന യുവതി. ഇവരെ പരിചയപ്പെട്ടവരില്‍ ചിലരോട് പറഞ്ഞത് തിരുവനന്തപുരം ഐഎസ്‌ആർഒയില്‍ അസി. എൻജിനീയറാണെന്നാണ്. മറ്റു ചിലരോട് തിരുവനന്തപുരത്ത് സിവില്‍ സർവീസ് പരിശീലനം നടത്തുകയാണെന്നു പറഞ്ഞു. പരിചയപ്പെടുന്നവരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അടുത്ത സുഹൃത്തുക്കളാക്കും.
തുടർന്നു ഹണിട്രാപ്പിലും മറ്റും പെടുത്തി പണവും സ്വർണവുമുള്‍പ്പെടെ തട്ടിയെടുക്കും. അവ തിരിച്ചുചോദിക്കുകയോ അന്വേഷിച്ചുചെല്ലുകയോ ചെയ്താല്‍ അവരെ കാത്തിരിക്കുന്നത് വ്യാജ പീഡനക്കേസ്.കാസർഗോഡിനു സമീപം ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരന്‍റേത് (35) സമാനതകളില്ലാത്ത തട്ടിപ്പുകളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊയിലാണ്ടി സ്വദേശിയായ ഒരു യുവാവിന്‍റെ പരാതിയില്‍ ശ്രുതിക്കെതിരേ ഇന്നലെ മേല്‍പറമ്ബ് പോലീസ് കേസെടുത്തതോടെ തട്ടി പ്പുകള്‍ ഓരോന്നായി പുറത്തുവരികയാണ്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊയിലാണ്ടി സ്വദേശിയുടെ കൈയില്‍നിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്‍റെ മാലയും തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്. ശ്രുതി പിടിയിലായതായി സൂചനകളുണ്ടെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിവാഹിതയായ ഇവർക്കു മൂന്നു മക്കളുണ്ട്.
തട്ടിപ്പുകള്‍ക്കിരയായവരില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുണ്ടെന്നാണ് വിവരം. പണം തിരികെ ചോദിച്ച രണ്ടു പോലീസുദ്യോഗസ്ഥർ ശ്രുതിയുടെ വ്യാജ പീഡനപരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടിവന്നു. സംശയം തോന്നി യുവതിയെ ചോദ്യംചെയ്ത കാസർഗോട്ടെ വനിതാ എസ്‌ഐയ്ക്കെതിരെയും ഇവർ പരാതി നല്‍കി. ഐഎസ്‌ആർഒയുടെ വ്യാജ തിരിച്ചറിയല്‍ കാർഡ് യുവതിയുടെ പക്കലുണ്ടായിരുന്നതായി ഇരകള്‍ പറയുന്നു.
കാസർഗോഡ് പെരിയ സ്വദേശിയായ 29 കാരനായ ജിം പരിശീലകനെ വ്യാജ പീഡന പരാതിയില്‍ കുടുക്കി മംഗളൂരുവില്‍ ജയിലിലടച്ചതായിരുന്നു ഒടുവിലത്തെ സംഭവം. ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥയാണെന്നും അവധിക്ക് നാട്ടില്‍ വന്നതാണന്നും ശരീരഭാരം കുറയ്ക്കാന്‍ പരിശീലനം തരണമെന്നും പറഞ്ഞാണ് ഇയാളെ പരിചയപ്പെട്ടത്. അടുപ്പം വളർന്നതിനു പിന്നാലെ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണവും സ്വര്‍ണവുമായി അഞ്ചുലക്ഷം രൂപയാണ് ഇയാളില്‍നിന്നു തട്ടിയെടുത്തത്.
യുവാവിനോട് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി കുടുംബാംഗങ്ങളുമായും പരിചയപ്പെട്ടു. യുവാവിന്‍റെ അമ്മയുടെ മാല തത്കാലത്തേക്ക് എന്നു പറഞ്ഞ് അവരുടെ കൈയില്‍നിന്നുതന്നെ കൈക്കലാക്കി. പിന്നീട് ചതിക്കപ്പെടുകയാണെന്ന് സംശയം തോന്നിയ യുവാവ് പണം തിരികെ ആവശ്യപ്പെട്ടതോടെ കഥ മാറി. യുവാവ് നിർബന്ധം പിടിച്ചപ്പോള്‍ ചെക്ക് നല്‍കിയെങ്കിലും ബാങ്കില്‍ പണമില്ലാതെ ചെക്ക് മടങ്ങി.
തൊട്ടുപിന്നാലെയാണ് ജിം ട്രെയിനർ വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നു കാണിച്ച് യുവതി മേല്‍പ്പറന്പ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ സംശയം തോന്നിയതിനാല്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചില്ല. നേരത്തേ ജില്ലയിലെതന്നെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ സമാനമായ പരാതികള്‍ നല്‍കിയതിന്‍റെ അനുഭവവും പോലീസിനുണ്ടായിരുന്നു. കേരള പോലീസില്‍ തന്‍റെ അതിമിടുക്ക് നടക്കില്ലെന്ന് മനസിലാക്കിയതോടെ പദ്ധതി മാറ്റി.
ഇത്തവണ കർണാടകയിലാണ് പരാതി നല്‍കിയത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയ്ക്കുപോയപ്പോള്‍ തന്നോടൊപ്പം വന്നിരുന്ന യുവാവ് ആശുപത്രി ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി ബ്ലാക്ക് മെയില്‍ ചെയ്ത് അവിടെ തന്നെയുള്ള ലോഡ്ജില്‍വച്ച് പീഡിപ്പിച്ചെന്നായിരുന്നു പുതിയ നന്പർ. കർണാടകയിലെ മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷനിലായിരുന്നു പരാതി നല്‍കിയത്.
കഴിഞ്ഞ മേയ് 30 ന് മംഗളൂരു പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. ഏതാനും ദിവസം മുമ്ബാണ് ജാമ്യം കിട്ടിയത്. ധനനഷ്ടവും മാനഹാനിയുമെല്ലാം സംഭവിച്ച യുവാവ് വീണ്ടും അന്വേഷണത്തിനിറങ്ങിയതോടെയാണ് പോലീസുകാരുള്‍പ്പെടെ ശ്രുതിയുടെ ഇരകളില്‍ പലരും പുറത്തുവന്ന് പരാതി നല്‍കി തുടങ്ങിയിട്ടുണ്ട്.
ഇരകളുടെ പരാതിയില്‍ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയെല്ലാം യുവതി വ്യാജ പീഡന പരാതികള്‍ നല്‍കിയിരുന്നു. വനിതാ എസ്‌ഐയ്ക്കെതിരേ മറ്റു ചില ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു വ്യാജ പരാതി. ശ്രുതി നല്കിയ വ്യാജ കേസില്‍ അച്ചടക്ക നടപടി നേരിട്ട വനിതാ എസ്‌ഐ ഉള്‍പ്പെടെ വരുംദിവസങ്ങളില്‍ പരാതി നല്കുമെന്നാണ് സൂചന.