ഫെയ്‌സ്ബുക്കിൽ മാഡത്തിന്റെ റിക്വസ്റ്റ് വരുന്നതോടെ സന്തോഷമാകും ; പിന്നീട് വീഡിയോ ചാറ്റിലൂടെ ഇരയെ വീഴ്ത്തും ; പെൺകെണിയിൽ വീഴുന്നവർക്ക് നഷ്ടമാകുന്നത് ലക്ഷങ്ങൾ : സംസ്ഥാനത്ത് ഉന്നതരെ ലക്ഷ്യമിട്ട് ഹണിട്രാപ്പ് സംഘങ്ങൾ സജീവമാകുന്നു
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരായ യുവതികളുടെ പേരിലുള്ള വ്യാജപ്രൊഫൈലിലൂടെ പൊലീസുകാരും ഡോക്ടർമാരും വൻകിട ബിസിനസുകാരും ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ ഹണിട്രാപ്പ് സംഘങ്ങൾ സജീവം. വ്യാജ പ്രൊഫൈലിലൂടെ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഇത്തരം സംഘങ്ങൾ കരുക്കൾ നീക്കുന്നത്.
ഫെയ്‌സ്ബുക്കിൽ റിക്വസ്റ്റ് വരുന്നതോടെ ‘പെൺകെണി’യിൽപ്പെട്ട് 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ സംസ്ഥാനത്തുണ്ട്. ഫേസ്ബുക്കിൽ ‘പെൺകെണി’ വ്യാപകമാകുന്നുവെന്ന് സൈബർ പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകൾ നിർമ്മിച്ച് പണം തട്ടാൻ ശ്രമം നടന്നതായി സൈബർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിൽ മാന്യരും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുമായ വ്യക്തികളുടെ അക്കൗണ്ടുകൾ ഉണ്ടാക്കി അവരുടെ ഫ്രണ്ട്‌സ് പട്ടികയിൽ പെട്ടവരോട് അത്യാവശ്യമായി പണം അയച്ചുതരാൻ ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ അക്കൗണ്ടുകളാണുണ്ടാക്കുക.
ഫേയ്‌സ്ബുക്കിൽ റിക്വസ്റ്റ് വിടുകയും അവരുമായി പരിചയപ്പെട്ട ശേഷം വിഡിയോ ചാറ്റ് നടത്തി ഇരയെ വീഴ്ത്തും. തുടർന്നു ചാറ്റ് ചെയ്ത സ്ത്രീ അപ്രത്യക്ഷയാകുകയും ചെയ്യും.
വീഡിയോ കോളിലനും ശേഷം സ്ത്രീ അപ്രത്യക്ഷമായാൽ പുരുഷന്മാരാണ് പിന്നീടു വിലപേശുക. ചാറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി വൻ തുക ആവശ്യപ്പെടും.
കെണിയിൽപ്പെട്ട് രൂപ പോയാലും മാനക്കേടോർത്ത് ആരും പരാതി നൽകാറില്ലെന്നും പൊലീസ് പറയുന്നു. ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചു നേരത്തേ സൈബർ സെല്ലിൽ നേരിട്ടു പരാതി നൽകാമായിരുന്നു. ഇപ്പോൾ അതതു പൊലീസ് സ്റ്റേഷനിലാണ് പരാതിപ്പെടേണ്ടത്.
കേരളത്തിന് വെളിയിൽ നിന്നും രാജസ്ഥാൻ, ബിഹാർ, അസം, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് അക്കൗണ്ടുകൾ നിർമ്മിച്ചതെന്ന് സൈബർ പൊലീസും സൈബർ ഡോമും നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പ്രായപൂർത്തിയാകാത്തവർ പോലും ഹണി ട്രാപ്പ് സംഘത്തിലുണ്ട്.അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞാലും പണം തിരിച്ചുകിട്ടാൻ വഴിയില്ലെന്നു പൊലീസ് വ്യക്തമാക്കുന്നു.