video
play-sharp-fill

ഹണി ട്രാപ്പിലൂടെ വ്യാപാരിയുടെ പണം തട്ടിയ കേസ്: അഭിഭാഷകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ഹണി ട്രാപ്പിലൂടെ വ്യാപാരിയുടെ പണം തട്ടിയ കേസ്: അഭിഭാഷകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

അടിമാലി: വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ നാല് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകൻ ഉൾപ്പെടെ നാലു പേരാണ് പിടിയിലായത് . അടിമാലിയിൽ ചെരുപ്പ് കട നടത്തുന്ന വിജയനെന്ന വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി 1.37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് . അടിമാലി കല്ലാർകുട്ടി കുയിലിമല ഭാഗത്ത് പഴക്കളിയിൽ വീട്ടിൽ ജോയിയുടെ ഭാര്യ ലതാ ദേവി ,അഭിഭാഷകനായ അടിമാലി മണകാല ഭാഗത്ത് താമസിക്കുന്ന മറ്റപ്പിള്ളി വീട്ടിൽ മാത്യുവിന്റെ മകൻ ബെന്നി മാത്യു (55) ,ഇരുമ്പുപാലം പടിക്കപ്പ് ചവറ്റുകുഴിയിൽ വീട്ടിൽ രാജന്റെ മകൻ ഷൈജൻ (43) , പടിക്കപ്പ് ഭാഗത്ത് തട്ടാത്ത വീട്ടിൽ അലിയാർ മകൻ ഷമീർ എന്നുവിളിക്കുന്ന മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ജനുവരി 27ന് ആണ് കേസിന് ആസ്പതമായ സംഭവം. അടിമാലിയിൽ വിജയന്‍റെ ബന്ധുവിന്‍റെ സ്ഥലം വാങ്ങാൻ എന്ന പേരിൽ അജിതയെന്ന് പരിചയപ്പെടുത്തി ലത ദേവി വിജയനെ സമീപിച്ചു. വിജയന്റെ വീട്ടിൽ എത്തിയ ഇവർ സ്ഥലമിടപാട് സംസാരിക്കുന്നതിനിടെ വിജയനുമായി അടുത്തിടപഴകുന്ന ചിത്രങ്ങൾ യുവതി ഇയാൾ അറിയാതെ ഫോണിൽ പകർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് റിട്ടയേഡ് ഡി.വൈ.എസ്.പി. സഹദേവൻ എന്ന് പരിചയപ്പെടുത്തി അഭിഭാഷകനായ ബെന്നി മാത്യു വിജയനെ ഫോണിൽ വിളിക്കുകയും, വീട്ടിൽ എത്തിയ യുവതിയോട് വിജയൻ അപമര്യാദയായി പെരുമാറിയെന്നും അതിനുള്ള തെളിവ് കൈവശം ഉണ്ടെന്നും ഭീഷണിപ്പെടുത്തി. നഷ്ട പരിഹാരം നൽകി പ്രശനം ഒത്തു തീർപ്പാക്കണമെന്നും, അല്ലങ്കിൽ സ്ത്രീപീഡനത്തിന് കേസ്സെടുത്ത് അകത്താക്കുമെന്നും ഭീഷണിപ്പെടുത്തി.

പ്രശ്നം ഒത്തു തീർപ്പാക്കുന്നതിന് ഏഴര ലക്ഷം രൂപ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. അഭിഭാഷകന് പിന്നാലെ സ്ത്രീയുടെ ബന്ധുവാണെന്ന് പറഞ്ഞ് ഷാജി, ഷൈജൻ എന്നിവരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഭീഷണി ശക്തമായപ്പോൾ സംഘത്തിലെ അഭിഭാഷകൻ ബെന്നിയുടെ കൈവശം 1,37,000 രൂപ നൽകി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേസ് ഒത്തു തീർക്കാമെന്ന വ്യാജേന സംഘം അടിമാലിയിലെ വിജയന്‍റെ കടയിലെത്തി ഭീഷണിപ്പെടുത്തുകയും കൂടുതൽ പണം ആവശ്യപ്പെടുകയയും ചെയ്തു.

പണം ലഭിക്കാതായതോടെ സംഘം വിജയന്റെ ബന്ധുക്കളെയും, കുടുംബാഗങ്ങളേയും ഭീഷണിപ്പെടുത്തി. ഇതോടെയാണ് സംഭവം വിജയന്റെ വീട്ടിലറിഞ്ഞത്. മൂന്നു ചെക്ക് ലീഫുകളിലായി ഏഴര ലക്ഷം രൂപയും, എഴുതാത്ത രണ്ട് മുദ്രപത്രങ്ങളും വിജയനെ ഭീഷണിപ്പെടുത്തി സംഘം ഇതിനകം കൈക്കലാക്കി കഴിഞ്ഞിരുന്നു.

തുടർന്ന് വിജയൻ സംസ്ഥാന പൊലീസ് മേധാവിക്കും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. പരാതികാരന്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കുവാൻ അടിമാലി പൊലീസിന് ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിരുന്നു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതികൾ അടിമാലി പഞ്ചായത്ത് നിവാസികളാണെന്നും, ഇത്തരത്തിൽ തട്ടിപ്പ് കേസുകൾ മുമ്പും ഇവർ നടത്തിയിട്ടുള്ളതായും പൊലീസ് കണ്ടെത്തി. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 382 ,420 ,120 ബി 419 ,384 ,364 , 363a തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ്സെടുത്തു. അടിമാലി സി.ഐ. അനിൽ ജോർജ്, എസ്.ഐ. സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്.