മിസ്ഡ് കോളിലൂടെ ഇരകളുമായി ബന്ധം സ്ഥാപിക്കും; തുടർന്ന് കല്യാണനാടകം നടത്തി ഇരകളുമായുള്ള സ്വകാര്യനിമിഷങ്ങൾ പകർത്തും; പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടും; ഹണിട്രാപ്പിൽ പെടുത്തി കാസർകോട് സ്വദേശികളായ ദമ്പതികളടക്കം നാലം​ഗ സംഘം കൊച്ചിയിലെ വ്യാപാരിയിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ

മിസ്ഡ് കോളിലൂടെ ഇരകളുമായി ബന്ധം സ്ഥാപിക്കും; തുടർന്ന് കല്യാണനാടകം നടത്തി ഇരകളുമായുള്ള സ്വകാര്യനിമിഷങ്ങൾ പകർത്തും; പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടും; ഹണിട്രാപ്പിൽ പെടുത്തി കാസർകോട് സ്വദേശികളായ ദമ്പതികളടക്കം നാലം​ഗ സംഘം കൊച്ചിയിലെ വ്യാപാരിയിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ

സ്വന്തം ലേഖകൻ

കാസർകോട് : വിവാഹത്തട്ടിപ്പിൽപ്പെടുത്തി എറണാകുളം സ്വദേശിയുടെ സ്വർണവും പണവും തട്ടിയ കേസിൽ കാസർകോട് സ്വദേശികളായ ദമ്പതികളടക്കം നാലം​ഗ സംഘം പിടിയിൽ.

കാസർകോട് നായന്മാർമൂല സ്വദേശിനി സാജിദ, അരമങ്ങാനം സ്വദേശി എൻ.എ.ഉമ്മർ, ഭാര്യ ഫാത്തിമ, പരിയാരം സ്വദേശി ഇക്ബാൽ എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹത്തട്ടിപ്പിന് ശേഷം ഹണിട്രാപ്പിലൂടെ ഇരകളെ വീഴ്ത്തുകയാണ് ഇവരുടെ ശൈലി. മിസ്ഡ് കോളിലൂടെയാണ് ഇവർ ഇരകളുമായി ആദ്യം ബന്ധം സ്ഥാപിക്കുക.

കൊച്ചി കടവന്ത്ര സ്വദേശിയായ വ്യാപാരിയുടെ പരാതിയിലാണ് പ്രതികളെ ഹൊസ്ദുർഗ് പൊലീസ് പിടികൂടിയത്. ഇയാളുടെ 3.75 ലക്ഷം രൂപയും സ്വർണവും പ്രതികൾ തട്ടിയെടുത്തിരുന്നു.

ഇവിടെയും പതിവ് മിസ്ഡ് കോളിലൂടെയാണ് പ്രതികളിലൊരാളായ സാജിദ വ്യാപാരിയെ വലയിലാക്കിയത്. തുടർന്ന് ഉമ്മറിൻറെയും ഫാത്തിമയുടെയും മകളാണ് സാജിദ എന്നു തെറ്റിദ്ധരിപ്പിച്ച് വിവാഹം നടത്തി.

ഓഗസ്റ്റ് രണ്ടിനാണ് ഇയാളെ കാഞ്ഞങ്ങാട് എത്തിച്ച് പ്രതികൾ കല്യാണ നാടകം നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ കൊവ്വൽ പള്ളിയിലെ വാടക വീട്ടിൽ ഒരുമിച്ചു താമസിച്ചു.

സ്വകാര്യ നിമിഷങ്ങളിലെ രംഗങ്ങൾ ക്യാമറയിൽ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുമെന്ന് വ്യാപാരിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും വാങ്ങി.

ആദ്യം പണം നൽകിയെങ്കിലും പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണു പൊലീസിൽ പരാതി നൽകിയത്.

അറസ്റ്റിലായ സാജിദ സമാന കേസുകളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിപ്പട്ടികയിലുള്ളയാളാണ്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട്. നാലു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.