
മലപ്പുറം: ഹണിട്രാപ്പില്‍ കുടുക്കിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നാല് പേർ അറസ്റ്റില്‍. എടക്കര പള്ളിക്കുത്ത് സ്വദേശികളായ ശ്രീരാജ്, ഭാര്യ സിന്ധു, പ്രവീണ്‍, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ വർഷം നവംബറിലാണ് സംഭവം നടന്നത്. അറസ്റ്റിലായ നാലുപേരും മരിച്ച രതീഷിന്റെ അയല്‍വാസികളാണ്.
സിന്ധുവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് മർദ്ദിച്ചത്. തുടർന്ന് നഗ്നനാക്കുകയും സിന്ധുവിനൊപ്പം നിർത്തി ഫോട്ടോ എടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രതീഷ് ജീവനൊടുക്കിയത്. ജൂണ്‍ 11-നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ രതീഷിനെ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ രതീഷിന്റെ സഹോദരനും അമ്മയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
പ്രതികള്‍ക്കെതിരെ നേരത്തെ രതീഷിന്റെ കുടുംബം മൊഴി നല്‍കിയിരുന്നു. കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് സിന്ധു രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മർദ്ദിക്കുകയും നഗ്നനാക്കുകയുമായിരുന്നു. ഫോട്ടോ പുറത്തുവിടാതിരിക്കാൻ രണ്ട് ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. പണം നല്‍കാതെ വന്നതോടെ ഫോട്ടോ രതീഷിന്റെ ഭാര്യയ്ക്കും സ്കൂള്‍ ഗ്രൂപ്പിലേക്കും അയച്ചു. ഇതിന്റെ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



