വാഹന പ്രേമികൾക്ക് സുവർണാവസരം ; പൂര്‍ണ്ണ ചാര്‍ജില്‍ 102 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം ; സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി ; ഹോണ്ടയുടെ രണ്ടു ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബുക്കിംഗ് ആരംഭിച്ചു ; 1,000 രൂപ അടച്ച് ബുക്ക് ചെയ്യാം
ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളായ ആക്ടിവ ഇ, ക്യൂസിവണ്‍ എന്നിവയുടെ ബുക്കിങ് ആരംഭിച്ചു. കമ്പനിയുടെ ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ആക്ടിവ ഇ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, പൂനെ, ബംഗളൂരു, ഹൈദരാബാദ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ക്യൂസിവണിന് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ 1,000 രൂപ അടച്ച് ബുക്ക് ചെയ്യാം. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ ഓട്ടോ എക്‌സ്‌പോ 2025 ല്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില പ്രഖ്യാപിക്കും. ഡെലിവറി ഫെബ്രുവരിയിലാണ് ആരംഭിക്കുക.
ഹോണ്ട ആക്ടിവ ഇ:
സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ് ഹോണ്ട ആക്ടിവ ഇയുടെ ഏറ്റവും വലിയ പ്രത്യേകത. പേള്‍ ഷാലോ ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, പേള്‍ സെറനിറ്റി ബ്ലൂ, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക് എന്നീ അഞ്ച് ശ്രദ്ധേയമായ നിറങ്ങളിലാണ് ഇത് ലഭ്യമാകുക. ഹോണ്ട റോഡ്സിങ്ക് ഡ്യുവോ ആപ്പ് വഴി തത്സമയ കണക്റ്റിവിറ്റി സാധ്യമാക്കുന്ന 7.0 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ ആവശ്യമായ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോണ്ട പവര്‍ പായ്ക്ക് എനര്‍ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സംവിധാനം ഹോണ്ട മൊബൈല്‍ പവര്‍ പായ്ക്ക് ഇ ആണ് ഏറ്റവും വലിയ ഫീച്ചര്‍.1.5 kWh സ്വാപ്പ് ചെയ്യാവുന്ന രണ്ട് ബാറ്ററികളാണ് സജ്ജീകരിച്ചിരിക്കുന്നത്. പൂര്‍ണ്ണ ചാര്‍ജില്‍ 102 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും.
ഹോണ്ട QC1:
പേള്‍ സെറനിറ്റി ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, പേള്‍ ഷാലോ ബ്ലൂ എന്നിവയുള്‍പ്പെടെ അഞ്ച് നിറങ്ങളിലാണ് ഇത് നിരത്തില്‍ എത്താന്‍ പോകുന്നത്. ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 1.5 kWh ഫിക്‌സഡ് ബാറ്ററി പായ്ക്ക് ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 4 മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ ഇത് 0 മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. പൂര്‍ണ്ണ ചാര്‍ജിന് 6 മണിക്കൂര്‍ 50 മിനിറ്റ് എടുക്കും. 1.8 kW പീക്ക് ഔട്ട്പുട്ടും 77 Nm പരമാവധി ടോര്‍ക്കും ഉള്ള ഇന്‍-വീല്‍ ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ പോകാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. QC1ന്റെ 5.0 ഇഞ്ച് ഓള്‍-ഇന്‍ഫോ LCD ഡിസ്പ്ലേ വഴി വാഹനത്തിന്റെ പൂര്‍ണ വിവരങ്ങള്‍ അറിയാം. ഫോണ്‍ ചാര്‍ജിങ്ങിന് USB ടൈപ്പ്-C ഔട്ട്ലെറ്റ്, സീറ്റിനടിയില്‍ വിശാലമായ സ്റ്റോറേജ് സ്പെയ്സ് തുടങ്ങിയ സവിശേഷതകളുമുണ്ട്. ഈ മോഡലുകള്‍ക്ക് 3 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറണ്ടിയും ആദ്യ വര്‍ഷത്തേക്ക് മൂന്ന് സൗജന്യ സര്‍വീസുകളും ലഭിക്കും.