അംഗീകൃത ഹോംസ്റ്റേകളെ തിരിച്ചറിയാൻ സർക്കാർ സംവിധാനം; സർക്കാർ ബ്രാൻഡ് ചിഹ്നവും ക്യൂആർ കോഡും നൽകും

Spread the love

സർക്കാരിന്റെ അംഗീകാരം കൂടാതെ ‘ഹോംസ്റ്റേ’ എന്ന പേരിൽ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളെ തടയാൻ ടൂറിസം വകുപ്പ് നടപടി ആരംഭിച്ചു. വകുപ്പിന്റെ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്ഥാപനങ്ങളെ ‘ഹോംസ്റ്റേ’ എന്ന പേരിൽ പ്രവർത്തിക്കാൻ ഇനി മുതൽ അനുവദിക്കില്ല.

‘ഹോംസ്റ്റേ’ എന്ന പേരിൽ കുടുംബങ്ങൾ താമസിക്കാത്ത വീടുകൾ മാർക്കറ്റ് ചെയ്യുന്ന പ്രവണത വ്യാപകമായതോടെയാണ് അധികൃതരുടെ ഇടപെടൽ.

സർക്കാർ അംഗീകാരമുള്ള ഹോംസ്റ്റേകൾക്ക് പ്രത്യേക ബ്രാൻഡ് ചിഹ്നവും ക്യൂആർ കോഡും നൽകുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. അംഗീകൃത ഹോംസ്റ്റേകൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ മുദ്ര പതിപ്പിച്ച ബോർഡുകൾ സ്ഥാപനങ്ങളുടെ മുന്നിൽ സ്ഥാപിക്കും. കൂടാതെ സംസ്ഥാനത്ത് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഹോംസ്റ്റേകളുടെ വിവരങ്ങൾ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ അംഗീകാരം ഇല്ലാത്ത ഹോംസ്റ്റേകൾക്ക് ഇനി ഓൺലൈൻ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല, ഇത് ടൂറിസം വകുപ്പ് തടയും. അതേസമയം ഫ്ലാറ്റുകൾ സർവീസ് വില്ലകളായി പ്രവർത്തിക്കാൻ അനുമതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് ബന്ധപ്പെട്ട ഫ്ലാറ്റുകളിലെ റെസിഡെൻസ് അസോസിയേഷന്റെ അനുമതി നിർബന്ധമായും വേണം.

അനധികൃത ഹോംസ്റ്റേകളിൽ ഓൺലൈൻ ബുക്കിങ്
ഓൺലൈൻ പോർട്ടലുകൾ വഴി, സംസ്ഥാനത്ത് 5000 ത്തിൽപ്പരം ഹോംസ്റ്റേകളിലേക്ക് ബുക്കിങ് നടക്കുന്നുണ്ട്. എന്നാൽ ഇവിടെ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾ 1200-ൽ താഴെയാണ്. അതിഥികൾക്ക് കുടുംബത്തോടൊപ്പം താമസിക്കാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഹോംസ്റ്റേ കൊണ്ട് ലക്ഷ്യമിടുന്നത്. കുടുംബത്തോടൊപ്പമുള്ള താമസം സുരക്ഷയും നല്ല വീട്ടുഭക്ഷണവും ഉറപ്പാക്കും. എന്നാൽ അനധികൃത ഹോംസ്റ്റേകൾ പലപ്പോഴും കുടുംബങ്ങൾ താമസിക്കാത്ത വീടുകളായിരിക്കും. ഇത് സുരക്ഷാ പ്രശ്നങ്ങൾക്കടക്കം കാരണമാകും.

ഹോംസ്റ്റേകൾക്ക് അംഗീകാരം ലഭിക്കാൻ
ഹോംസ്റ്റേകൾക്ക് ക്ലാസിഫിക്കേഷൻ ലഭിക്കുന്നതിന് നിശ്ചിത രേഖകൾക്കൊപ്പം ടൂറിസം വകുപ്പിന് അപേക്ഷ നൽകിയാൽ മതി. അപേക്ഷകൾ ഓൺലൈനായി നൽകാം.

വേണ്ട രേഖകൾ:
1. വീടിൻ്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ്
2. ലൊക്കേഷൻ, പൊസഷൻ സർട്ടിഫിക്കറ്റ്
3. റോഡിൽ നിന്ന് വീട്ടിലേക്കുളള ലൊക്കേഷൻ പ്ലാൻ
4. കെട്ടിടത്തിന്റെ പ്ലാൻ
5. കെട്ടിടത്തിന്റെ ഫോട്ടോകൾ
6. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
7. ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ (ലൈസൻസ് ആവശ്യമില്ല)
8. ഹോംസ്റ്റേയുടെ നിരക്ക് സംബന്ധിച്ച വിവരങ്ങൾ.

ഇതോടൊപ്പം 3,750 രൂപ ഫീസും നൽകണം. ഹോംസ്റ്റേകളുടെ സൗകര്യങ്ങൾ പരിശോധിച്ചുറപ്പിച്ചശേഷം സിൽവർ, ഡയമണ്ട്, ഗോൾഡ് എന്നിങ്ങനെ ക്ലാസിഫിക്കേഷനും നൽകും.